പാക്കിസ്ഥാനിൽ ഭീകരാക്രമണത്തിൽ പത്ത് പൊലീസുകാർ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ നഗരമായ ദേറ ഇസ്മായിൽ ഖാനിൽ പൊലീസ് ഔട്പോസ്റ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. തെഹ്‌രീക്-ഇ-താലിബാൻ പാക്കിസ്ഥാൻ (ടിടിപി) ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
സംഘടിച്ചെത്തിയ ഭീകരർ അഫ്ഗാൻ – പാക്കിസ്ഥാൻ അതിർത്തിയിലെ പൊലീസ് ഔട്പോസ്റ്റ് ആക്രമിച്ച് പൊലീസുകാരെ കൊലപ്പെടുത്തിയെന്നാണ് വിവരം. സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
അഫ്ഗാനിലെ താലിബാനിൽ നിന്ന് വിഘടിച്ച ഭീകരർ ഉണ്ടാക്കിയ സംഘടനയാണ് ആക്രമണം നടത്തിയ ടിടിപി. എന്നാൽ അമേരിക്കൻ സൈന്യം അഫ്ഗാനിൽ നിന്ന് പിന്മാറിയതോടെ അഫ്ഗാനിലെ താലിബാന് ടിടിപി പിന്തുണ പ്രഖ്യാപിച്ചിരുന്നു. അഫ്ഗാനിസ്ഥാൻ കേന്ദ്രീകരിച്ചാണ് ടിടിപിയുടെ പ്രവർത്തനമെന്നും താലിബാൻ്റെ പൂർണ പിന്തുണ ഇവർക്കുണ്ടെന്നും പാക്കിസ്ഥാൻ ഭരണകൂടം വിമർശിച്ചു. എന്നാൽ താലിബാൻ ഇത് നിഷേധിച്ചിട്ടുണ്ട്.