ന്യൂഡല്‍ഹി/ബര്‍ലിന്‍ ∙ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ നേതൃത്വത്തിലുള്ള മൂന്നുദിന ഇന്ത്യ സന്ദര്‍ശനം ആരംഭിച്ചു. ജര്‍മനിയുടെ സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങള്‍ക്കു ഏറെ പ്രതീക്ഷയാണുള്ളത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഷോള്‍സ് നടത്തുന്ന ചര്‍ച്ചയില്‍ സാമ്പത്തികം, തൊഴില്‍ തുടങ്ങിയ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തുക എന്നതാവും പ്രധാന അജന്‍ഡ.
വ്യാഴാഴ്ച രാത്രിയാണ് ഷോള്‍സും സംഘവും ഇന്ത്യയില്‍ വിമാനമിറങ്ങിയത്. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി വ്യാഴാഴ്ച വൈകിയാണ് ഷോള്‍സ് ഡല്‍ഹിയിലെത്തിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ഷോള്‍സിനെയും സംഘത്തെയും വിമാനത്താവളത്തില്‍ സ്വീകരിച്ചു.
ഇന്റര്‍ഗവണ്‍മെന്റല്‍ കണ്‍സള്‍ട്ടേഷന്‍സ്, അഥവാ ഐജിസിയുടെ ഏഴാം പതിപ്പിന് ഷോള്‍സും മോദിയും സംയുക്ത അധ്യക്ഷം വഹിക്കും. ഇന്ത്യ ജര്‍മനി ബന്ധത്തില്‍ പുതിയൊരു യുഗത്തിനു തുടക്കം കുറിക്കുന്നതായിരിക്കും ഇത്തവണത്തെ ഐജിസി എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
2000 മുതല്‍ വലിയ പുരോഗതികള്‍ കൈവരിച്ചിട്ടുള്ള ഇന്ത്യ ജര്‍മനി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനാണ് ജര്‍മന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാ മേഖലയിലും പ്രതിരോധ മേഖലയിലും സഹകരണം വര്‍ധിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. ഇതുകൂടാതെ തൊഴിലാളി കൈമാറ്റവും സാമ്പത്തിക സഹകരണവും സുസ്ഥിര വികസനവും പ്രധാന ചര്‍ച്ചാവിഷയങ്ങളായിരിക്കും.