ദുബായ് : ആറ് വർഷത്തിനകം ദുബായിലെ വ്യോമയാന മേഖലയിൽ 1,85,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് എമിറേറ്റ്‌സ് ഗ്രൂപ്പും ദുബായ് എയർപോർട്ട്‌സും ഇന്ന് (വ്യാഴം) പുറത്തിറക്കിയ റിപോർട്ടിൽ പറഞ്ഞു. ഇതോടെ വ്യോമയാനവുമായി ബന്ധപ്പെട്ട് യുഎഇയിൽ ജോലി ചെയ്യുന്നവരുടെ ആകെ എണ്ണം 8,16,000 ആയി ഉയരും. നിലവിൽ ഏകദേശം 6,31,000 പേർ വ്യോമയാന സംബന്ധമായ ജോലികളിൽ വ്യാപൃതരാണ്. ഇത് ദുബായിലെ അഞ്ചിൽ ഒരാൾക്ക് തുല്യമാണെന്നും അറിയിച്ചു.
ദുബായുടെ സമ്പദ്‌വ്യവസ്ഥയിൽ വ്യോമയാന മേഖലയുടെ സ്വാധീനത്തെക്കുറിച്ച് ആഗോള ഗവേഷണ സ്ഥാപനമായ ഓക്‌സ്ഫഡ് ഇക്കണോമിക്‌സ് തയാറാക്കിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. ദുബായിലെ 103,000 ജീവനക്കാർക്ക് കഴിഞ്ഞ വർഷം 23 ബില്യൺ ദിർഹം വേതനം നൽകി. തങ്ങളുടെ വളർച്ചാ പദ്ധതികൾ കൂടുതൽ വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവും ദുബായ് എയർപോർട്ട് ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം പറഞ്ഞു.
കോവിഡ്-19ന് ശേഷം വ്യോമയാന മേഖല ശക്തമായി തിരിച്ചുവന്നു. കഴിഞ്ഞ നാല് വർഷമായി ദുബായുടെ വളർച്ചാ റിപോർട്ടിലെ പ്രധാന ഘടകങ്ങളിലൊന്നാണിത്. ദുബായ് ആസ്ഥാനമായുള്ള എയർലൈനുകളായ എമിറേറ്റ്‌സ്, ഫ്ലൈ ദുബായ് എന്നിവ കോവിഡിന് ശേഷമുള്ള വർഷങ്ങളിൽ പുതിയ ലക്ഷ്യസ്ഥാനങ്ങൾ ചേർത്തതിനാൽ അവരുടെ തൊഴിൽ ശക്തി വൻതോതിൽ വിപുലീകരിച്ചു.∙ 1,32,000 ജോലികൾക്ക് പിന്തുണ ജബൽ അലിയിലെ അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട് പൂർണ പ്രവർത്തന ശേഷിയിൽ എത്തുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമാകും. വ്യോമയാന മേഖലയുടെ വളർച്ചയ്ക്കും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും പ്രധാന ഘടകങ്ങളിലൊന്നുമായിരിക്കും.