Monday, December 23, 2024
HomeAmericaഅമേരിക്കയിലേക്ക് അനധികൃതമായി കുടിയേറ്റം: പിടിയിലായത് 90,415 ഇന്ത്യക്കാർ

അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറ്റം: പിടിയിലായത് 90,415 ഇന്ത്യക്കാർ

ന്യൂഡൽഹി∙ അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ഒരു വർഷത്തിനിടെ മണിക്കൂറിൽ പത്ത് ഇന്ത്യക്കാർ വീതം പിടിയിലായതായി രേഖകൾ. 2023 സെപ്റ്റംബർ 30 മുതൽ 2024 ഒക്ടോബർ ഒന്നു വരെ അനധികൃതമായി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിച്ചതിന് 29 ലക്ഷം ആളുകളെയാണ് അധികൃതർ പിടികൂടിയത്. ഇതിൽ 90,415 പേർ ഇന്ത്യക്കാരാണെന്ന് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്‌ഷൻ വിഭാഗത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മെക്സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങൾ വഴിയാണ് അമേരിക്കയിലേക്ക് കടക്കാൻ ശ്രമം നടത്തിയത്.

പിടിയിലായ ഇന്ത്യക്കാരിൽ 50 ശതമാനത്തോളം പേർ ഗുജറാത്തിൽനിന്നുള്ളവരാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാനഡ വഴി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിച്ചതിന് 43764 ഇന്ത്യക്കാരാണ് അറസ്റ്റിലായത്. മെക്സിക്കോ വഴി അനധികൃത കുടിയേറ്റത്തിനിടെ പിടിയിലാകുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ചെറിയ കുറവുണ്ടാകുന്നതായാണ് രേഖകൾ വ്യക്തമാക്കുന്നത്. 2023ൽ അമേരിക്കയിലേക്ക് അനധികൃത കുടിയേറ്റത്തിന് അറസ്റ്റിലായവർ 32 ലക്ഷംപേരായിരുന്നു. ഇതിൽ ഇന്ത്യക്കാരുടെ എണ്ണം 96,917. യുഎസ്– മെക്സിക്കോ അതിർത്തി വഴി കടക്കാൻ ശ്രമം നടത്തിയതിന്  ഈ വർഷം ഇതുവരെ പിടിയിലായത് 25616 പേരാണ്. 2023ൽ ഇത് 41,770 ആയിരുന്നു.

മെക്സിക്കോ വഴി അമേരിക്കയിലേക്ക് കടക്കുന്നവരുടെ എണ്ണം കുറയുകയാണെന്ന് അധികൃതർ പറയുന്നു. ദുബായ്, തുർക്കി വഴിയാണ് പലരും മെക്സിക്കോയിലെത്തുന്നത്. യുഎസ് ഏജൻസികൾ ഇവിടെ കർശനമായ നിരീക്ഷണം നടത്തുന്നതോടെ പലരും ഈ വഴി ഉപേക്ഷിച്ചു. കാനഡയില്‍നിന്ന് അമേരിക്കയിലേക്ക് കടക്കാനാണ് ഇപ്പോൾ കൂടുതലും ശ്രമങ്ങൾ നടക്കുന്നത്. ഈ ഭാഗത്തും യുഎസ് നിരീക്ഷണം ശക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments