വെല്ലിങ്ടൻ: വിമാനത്താവളത്തിലെ സ്ഥിരം കാഴ്ചകളിലൊന്നാണ് വൈകാരികമായ യാത്രപറച്ചിലുകൾ. എന്നാൽ ഇത്തരത്തിലുള്ള യാത്രപറച്ചിലുകൾക്ക് സമയപരിധി നിശ്ചയിച്ചിരിക്കുകയാണ് ന്യൂസീലൻഡിലെ ഡൺഡിൻ രാജ്യന്തര വിമാനത്താവളം.
‘ന്യൂസീലൻഡിലെ കമ്പനിയിൽ വെയർഹൗസ് മാനേജർ’; കുടുങ്ങി മലയാളി യുവാവ്, നഷ്ടമായത് 42 ലക്ഷം!
സൗത്ത് ഐലൻഡിലെ വിമാനത്താവളത്തിന്റെ ടെർമിനലിന് പുറത്തെത്തിയാൽ ‘പരമാവധി ആലിംഗന സമയം മൂന്ന് മിനിറ്റ്’ എന്ന ബോർഡ് കാണാം. ഡ്രോപ്പ്-ഓഫ് ഏരിയയിലെ ഗതാഗതക്കുരുക്ക് തടയാനാണ് യാത്രപറച്ചിലുകൾക്ക് അധികൃതർ സമയപരിധി ഏർപ്പെടുത്തിയിരിക്കുന്നത്. നിയമലംഘനത്തിന് പിഴ അടക്കമുള്ള നടപടികളും ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. പ്രിയപ്പെട്ടവരെ യാത്രയയക്കാൻ അധിക സമയം വേണമെന്നുള്ളവർക്ക് വിമാനത്തവാളത്തിന്റെ പാർക്കിങ് സ്ഥലം ഉപയോഗിക്കാം.
വിമാനത്താവളത്തിന്റെ പുതിയ നിയമം സമൂഹമാധ്യമത്തിൽ ഏറെ ചർച്ചയായിരിക്കുകയാണ്. അടിസ്ഥാന മനുഷ്യാവകാശങ്ങൾ ലംഘിച്ചുവെന്നാണ് ചിലരുടെ ആരോപണം. ഒരാൾക്ക് എത്രനേരം ആലിംഗനം ചെയ്യാൻ സാധിക്കുമെന്ന് അധികൃതരല്ല തീരുമാനിക്കേണ്ടതെന്നും അഭിപ്രായമുണ്ട്. അതേസമയം ചിലർ മാറ്റത്തെ സ്വീകരിച്ചെന്നും വിമാനത്താവളത്തിന്റെ സിഇഒ ഡാൻ ഡി ബോണോ പറഞ്ഞു.