Tuesday, September 22, 2026
HomeAmericaഎയർ ട്രാഫിക് കൺട്രോൾ കേബിൾ മുറിഞ്ഞു: അമേരിക്കയിൽ വിമാന സർവീസുകൾ തുലാസിൽ

എയർ ട്രാഫിക് കൺട്രോൾ കേബിൾ മുറിഞ്ഞു: അമേരിക്കയിൽ വിമാന സർവീസുകൾ തുലാസിൽ

ന്യൂയോർക്ക് : നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ വ്യോമയാന നിയന്ത്രണ സംവിധാനത്തിന്റെ (എയർ ട്രാഫിക് കൺട്രോൾ) പ്രധാന കേബിൾ അബദ്ധത്തിൽ മുറിഞ്ഞതിനെ തുടർന്ന് അമേരിക്കയിൽ വൻ വിമാന പ്രതിസന്ധി. ന്യൂയോർക്ക്, ന്യൂജേഴ്‌സി, പെൻസിൽവാനിയ, മസാച്ചുസെറ്റ്സ് തുടങ്ങിയ പ്രമുഖ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെയാണ് ഇത് ഗുരുതരമായി ബാധിച്ചത്. നൂറുകണക്കിന് സർവീസുകൾ വൈകുകയും നിരവധി വിമാനങ്ങൾ അടിയന്തിരമായി നിലത്തിറക്കേണ്ടി വരികയും ചെയ്തു.

വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതിനും ടേക്ക് ഓഫ് ചെയ്യുന്നതിനും സഹായിക്കുന്ന ‘ടെർമിനൽ റഡാർ അപ്രോച്ച് കൺട്രോൾ’ സംവിധാനമാണ് കേബിൾ തകരാറിലായതോടെ നിശ്ചലമായത്. തുടർന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്.എ.എ) വിമാനങ്ങൾക്ക് ഗ്രൗണ്ട് സ്റ്റോപ്പ് ഏർപ്പെടുത്തി.ന്യൂയോർക്ക് നഗരത്തിലേക്ക് സർവീസ് നടത്തുന്ന ന്യൂജേഴ്‌സിയിലെ നെവാർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തെയാണ് തകരാർ ഏറ്റവും കൂടുതൽ ബാധിച്ചത്. ഇവിടെ മാത്രം അഞ്ഞൂറിലധികം സർവീസുകൾ വൈകി.

ജോൺ എഫ് കെന്നഡി, ലാഗ്വാർഡിയ, ഫിലാഡൽഫിയ വിമാനത്താവളങ്ങളിലും സർവീസുകൾ താറുമാറായി. പല വിമാനങ്ങളും മറ്റ് നഗരങ്ങളിലേക്ക് തിരിച്ചുവിട്ടു. എഡിൻബറോയിൽ നിന്ന് ന്യൂയോർക്കിലേക്ക് തിരിച്ച വിമാനം ബോസ്റ്റണിലിറക്കി യാത്രക്കാരെ മണിക്കൂറുകളോളം റൺവേയിൽ നിർത്തിയിട്ടതായും റിപ്പോർട്ടുകളുണ്ട്.

ചൊവ്വാഴ്ച ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനം (UNGA) ആരംഭിക്കാനിരിക്കെയാണ് ഈ പ്രതിസന്ധി ഉണ്ടായത്. ലോകനേതാക്കൾ കൂട്ടത്തോടെ ന്യൂയോർക്കിലേക്ക് എത്തുന്ന സമയമായതിനാൽ വിമാനത്താവളങ്ങളിൽ അതീവ ജാഗ്രതയായിരുന്നു. സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാം തകരാർ ഉണ്ടാകുന്നതിന് തൊട്ടുമുമ്പ് വിമാനത്തിൽ കയറിയതിനാൽ കൃത്യസമയത്ത് എത്തിച്ചേരുമെന്ന് അധികൃതർ അറിയിച്ചു.

ന്യൂജേഴ്‌സി പബ്ലിക് ട്രാൻസിറ്റ് ഏജൻസിയുടെ നിർമ്മാണ തൊഴിലാളികളാണ് കേബിൾ മുറിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. മണ്ണുമാറ്റൽ പ്രവൃത്തി നടന്നിരുന്ന സ്ഥലത്ത് അടയാളങ്ങൾ തെറ്റായി രേഖപ്പെടുത്തിയതാണ് അബദ്ധത്തിന് കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ ദേശീയ റെയിൽ സർവീസായ ‘ആംട്രാക്’ കരാറുകാരാണ് ഇതിന് പിന്നിലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. കേബിൾ വെറൈസൺ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്.

തകരാറിലായ കേബിൾ യഥാർത്ഥത്തിൽ ഒരു ബാക്കപ്പ് ലൈൻ ആയിരുന്നുവെന്നും, പ്രധാന സർക്യൂട്ട് പരാജയപ്പെട്ടപ്പോഴാണ് ബാക്കപ്പ് ലൈൻ നേരത്തെ തന്നെ മുറിഞ്ഞു കിടക്കുകയായിരുന്നു എന്ന വിവരം പുറത്തറിഞ്ഞതെന്നും എഫ്.എ.എ മേധാവി ബ്രയാൻ ബെഡ്ഫോർഡ് വ്യക്തമാക്കി.

മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കേബിൾ അറ്റകുറ്റപ്പണി പൂർത്തിയാക്കിയതായും വിമാനത്താവളങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്നും യു.എസ് ഗതാഗത സെക്രട്ടറി സീൻ ഡഫി അറിയിച്ചു. എങ്കിലും വിമാനങ്ങൾ പൂർണ്ണതോതിൽ സർവീസ് പുനരാരംഭിക്കാൻ സമയമെടുക്കുമെന്നും യാത്രക്കാർക്ക് തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments