Tuesday, September 22, 2026
HomeAmericaമാധ്യമ ബഹിഷ്‌കരണം: ട്രംപ് ടിവിയുമായി വൈറ്റ് ഹൗസ്

മാധ്യമ ബഹിഷ്‌കരണം: ട്രംപ് ടിവിയുമായി വൈറ്റ് ഹൗസ്

വാഷിങ്ടണ്‍: മാധ്യമ ബഹിഷ്‌കരണം ചെറുക്കാന്‍ പുതിയ യൂട്യൂബ് ചാനലുമായി വൈറ്റ് ഹൗസ്. ട്രംപ് ടിവി എന്ന് പേരിട്ടിരിക്കുന്ന ചാനലിന്റെ മുഴുവൻ പേര് ‘ട്രംപ് ടിവി: ദി എസന്‍ഷ്യല്‍ സ്റ്റേഷന്‍’ എന്നാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചാനലിലൂടെ യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക പരിപാടികളെ കുറിച്ച് പൊതുജനത്തിന് അറിയാന്‍ സാധിക്കും. മാധ്യമങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ട്രംപിന്റെ ഔദ്യോഗിക പരിപാടികളുടെ സംപ്രേക്ഷണം നിര്‍ത്തിവയ്ക്കാന്‍ പ്രമുഖ യുഎസ് ടിവി നെറ്റ്‌വര്‍ക്കുകള്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് നടപടി.

വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ചാനലിന്റെ ലോഞ്ച് പ്രഖ്യാപിച്ചത്. ജൂലായ് മൂന്നിന് മൗണ്ട് റഷ്‌മോറില്‍ ട്രംപ് നടത്തിയ പ്രസംഗം ചാനലില്‍ അപ്പ്‌ലോഡ് ചെയ്തിട്ടുണ്ട്. തത്സമയ അപ്പ്‌ഡേറ്റിന് പുറമേ പഴയ വിശേഷങ്ങളും പ്രഖ്യാപനങ്ങളും ഭരണകൂടത്തിന്റെ വാര്‍ത്തകളുമടക്കം ചാനലില്‍ ലഭിക്കും. 47ാമത് പ്രസിഡന്റായി ട്രംപ് അധികാരമേറ്റ ദൃശ്യങ്ങളും ചാനലില്‍ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട വീഡിയോകള്‍, പ്രസംഗങ്ങള്‍ ഉള്‍പ്പെടെ 24 മണിക്കൂറും തത്സമയം ചാനലിലൂടെ കാണാമെന്നാണ് ഔദ്യോഗിക അറിയിപ്പ്. കൃത്യമായ വിവരങ്ങള്‍ അറിയാന്‍ ഒപ്പമുണ്ടാകാനാണ് പ്രേക്ഷകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മാധ്യമങ്ങള്‍
മോശമായ വാര്‍ത്തകള്‍ നല്‍കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രമുഖ മാധ്യമങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ പ്രവേശനം നിഷേധിച്ചത്. ഇതിന് പിന്നാലെ ട്രംപിന്റെ ഔദ്യോഗിക പരിപാടികളുടെ സംപ്രേക്ഷണം നിര്‍ത്തിവയ്ക്കാന്‍ പ്രമുഖ യുഎസ് ടിവി നെറ്റ്‌വര്‍ക്കുകള്‍ തീരുമാനിക്കുകയായിരുന്നു. പിന്നാലെയാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ട്രീമിങ് ചാനല്‍ ആരംഭിച്ചത്. മാധ്യമസ്ഥാപനങ്ങള്‍ തങ്ങളുടെ പ്രവേശനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണകൂടത്തിന് എതിരെ നിയമനടപടിയുമായി മുന്നോട്ടു പോയ അതേ ദിവസമാണ് പുതിയ ചാനൽ സംബന്ധിച്ച വാർത്ത പുറത്തിവന്നത്. അതേസമയം സ്വന്തം സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയും ന്യൂയോര്‍ക്കില്‍ നേരിട്ടെത്തിയും ട്രംപ് തന്നെ നടപടിയെ ന്യായീകരിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments