ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന് (എഫ്.ടി.എ.) അന്തിമരൂപമായി. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 500 കോടി യു.എസ്. ഡോളറിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സമഗ്ര സാമ്പത്തിക ചട്ടക്കൂടാണ് കരാർ മുന്നോട്ടുവെക്കുന്നത്.
വിജയദശമി ദിനമായ 2026 ഒക്ടോബർ 20 മുതൽ കരാർ ഔദ്യോഗികമായി നിലവിൽ വരുമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയൽ അറിയിച്ചു. ഏപ്രിൽ മാസത്തിൽ ഒപ്പുവെച്ച ഈ കരാർ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിൽ നിർണ്ണായക ചുവടുവെപ്പാകും.
നിലവിൽ 240 കോടി ഡോളറിലുള്ള ഉഭയകക്ഷി വ്യാപാരം ഇരട്ടിയിലധികമാക്കാൻ ലക്ഷ്യമിടുന്ന കരാറിലൂടെ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്ക് 100 ശതമാനം നികുതിയിളവ് ലഭ്യമാകും. അതേസമയം, ഇന്ത്യൻ കർഷകരുടെയും തദ്ദേശീയ വ്യവസായങ്ങളുടെയും താൽപ്പര്യം സംരക്ഷിക്കുന്നതിനായി വെണ്ണ, പാൽക്കട്ടി, ഉള്ളി, ചില പ്രത്യേക ലോഹങ്ങൾ എന്നിവയെ നികുതിയിളവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ, കരാറിന്റെ ഭാഗമായി അടുത്ത 15 വർഷത്തിനുള്ളിൽ ഇന്ത്യയിൽ 2000 കോടി ഡോളറിന്റെ നിക്ഷേപം നടത്താൻ ന്യൂസീലൻഡ് പ്രതിജ്ഞാബദ്ധമാണ്.
വിദ്യാഭ്യാസ, തൊഴിൽ മേഖലകൾക്കും വലിയ പ്രതീക്ഷ നൽകുന്നതാണ് പുതിയ കരാർ. വൈദഗ്ധ്യമുള്ള ഇന്ത്യൻ പ്രൊഫഷണലുകൾക്ക് പ്രതിവർഷം 5,000 താത്കാലിക തൊഴിൽ വിസകൾ ന്യൂസീലൻഡ് അനുവദിക്കും. ഒപ്പം ന്യൂസീലൻഡിൽ ഉപരിപഠനം നടത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക്, പ്രത്യേകിച്ച് STEM (സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ്) മേഖലകളിൽ പഠിക്കുന്നവർക്ക്, പഠനശേഷമുള്ള വർക്ക് വിസ കാലാവധി മൂന്ന് മുതൽ നാല് വർഷം വരെയായി നീട്ടി നൽകാനും തീരുമാനമായിട്ടുണ്ട്.

