Monday, September 21, 2026
HomeNewsബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ: ശക്തമായി അപലപിച്ച് ദക്ഷിണകൊറിയയും യുഎസ്സും

ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ: ശക്തമായി അപലപിച്ച് ദക്ഷിണകൊറിയയും യുഎസ്സും

സോൾ : ആണവായുധശേഷി ശക്തമാക്കുമെന്ന കടുത്ത പ്രഖ്യാപനങ്ങൾക്ക് പിന്നാലെ അന്താരാഷ്ട്ര സമൂഹത്തെ വെല്ലുവിളിച്ച് ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു. ഞായറാഴ്ച കിഴക്കൻ കടലിലേക്കാണ് രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ ഉത്തര കൊറിയ തൊടുത്തുവിട്ടത്. മേഖലയിൽ കടുത്ത ആശങ്കയ്ക്ക് ഈ പുതിയ സൈനിക പ്രകോപനം കാരണമായിട്ടുണ്ട്.

ഉത്തര കൊറിയയുടെ കിഴക്കൻ തീരത്തുള്ള വോൺസാൻ മേഖലയിൽ നിന്നാണ് മിസൈലുകൾ വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയൻ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു. ഏകദേശം മൂന്ന് മണിക്കൂർ ഇടവേളയിലാണ് ഈ രണ്ട് വിക്ഷേപണങ്ങളും നടന്നത്.

ഉച്ചയ്ക്ക് 3 മണിയോടെ വിക്ഷേപിച്ച ആദ്യ മിസൈൽ 450 കിലോമീറ്ററും, വൈകിട്ട് 5:50 ഓടെ വിക്ഷേപിച്ച രണ്ടാമത്തെ മിസൈൽ 600 കിലോമീറ്ററിലധികം ദൂരവും സഞ്ചരിച്ച് കടലിൽ പതിക്കുകയായിരുന്നു.യുഎസും ദക്ഷിണ കൊറിയയും ചേർന്ന് നടത്തുന്ന സംയുക്ത സൈനികാഭ്യാസങ്ങളോടുള്ള പ്രതികരണമാണ് ഈ പരീക്ഷണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൊറിയൻ നയതന്ത്ര ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായി സംയുക്ത സൈനിക അഭ്യാസം വെട്ടിച്ചുരുക്കിയിരുന്നെങ്കിലും, തങ്ങളുടെ ആയുധ നിലപാടുകളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന ശക്തമായ സന്ദേശമാണ് കിം ജോങ് ഉൻ ഭരണകൂടം നൽകുന്നത്. കഴിഞ്ഞ സെപ്റ്റംബർ 12-നും ഉത്തര കൊറിയ സമാനമായ രീതിയിൽ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചിരുന്നു.

അതേസമയം, ഉത്തര കൊറിയയുടെ നടപടിയെ ദക്ഷിണ കൊറിയയും യുഎസും ശക്തമായി അപലപിച്ചു. യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെ നഗ്നമായ ലംഘനമാണ് ഉത്തര കൊറിയ നടത്തുന്നതെന്ന് ദക്ഷിണ കൊറിയൻ സൈന്യം കുറ്റപ്പെടുത്തി. സ്ഥിതിഗതികൾ വിലയിരുത്താൻ ദക്ഷിണ കൊറിയ അടിയന്തര സുരക്ഷാ യോഗം വിളിച്ചുചേർത്തു. മിസൈലുകൾ ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് പുറത്താണ് പതിച്ചതെന്നും തങ്ങൾ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ജപ്പാൻ സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments