Monday, September 21, 2026
HomeAmericaഇറാനിലുള്ള പൗരന്മാരോട് ഉടൻ രാജ്യം വിടാൻ യുഎസ് നിർദേശം

ഇറാനിലുള്ള പൗരന്മാരോട് ഉടൻ രാജ്യം വിടാൻ യുഎസ് നിർദേശം

വാഷിങ്ടൺ : പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാനിലുള്ള പൗരന്മാരോട് ഉടൻ രാജ്യം വിടാൻ യുഎസിന്റെ നിർദേശം. ഒരു കാരണവശാലും ഇറാനിലേക്ക് യാത്ര ചെയ്യരുതെന്നും യുഎസ് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. മേഖലയിലെ സുരക്ഷാ സാഹചര്യം സങ്കീർണമാണെന്നും വിമാന സർവീസുകൾ റദ്ദാകാനും വ്യോമപാതകൾ അടയ്ക്കാനും മറ്റ് യാത്രാ തടസ്സങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ടെന്നും ഇറാനിലെ യുഎസ് വെർച്വൽ എംബസി പുറത്തിറക്കിയ സുരക്ഷാ മുന്നറിയിപ്പിൽ പറയുന്നു.

“ഒരു കാരണവശാലും ഇറാനിലേക്ക് യാത്ര ചെയ്യരുത്. ഇറാനിലുള്ള യുഎസ് പൗരന്മാർ ഉടൻ രാജ്യം വിടണം,” എന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കി. മേഖലയിലുള്ള അമേരിക്കക്കാർ അതീവ ജാഗ്രത പാലിക്കണമെന്നും വിമാനത്താവളങ്ങൾ, വിമാനക്കമ്പനികൾ, അതിർത്തി കവാടങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ നിരീക്ഷിക്കണമെന്നും യുഎസ് നിർദേശിച്ചു. ഇറാന്റെ കര അതിർത്തികളിലെ നടപടിക്രമങ്ങൾ മുൻകൂട്ടി അറിയിക്കാതെ മാറിയേക്കാമെന്നും മുന്നറിയിപ്പിലുണ്ട്.

ഇറാൻ പിന്തുണയ്ക്കുന്ന ഹൂതി സേന സൗദി അറേബ്യയിൽ നടത്തിയ ആക്രമണങ്ങളും യുഎസ് ചൂണ്ടിക്കാട്ടി. സിവിലിയൻ വിമാനത്താവളങ്ങൾക്കെതിരായ ആക്രമണങ്ങളും ഇതിൽ ഉൾപ്പെടുന്നു. മേഖലയിലെ സൈനിക സംഘർഷം അതിവേഗം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും യുഎസ് മുന്നറിയിപ്പ് നൽകി. മിഡിൽ ഈസ്റ്റിന് പുറത്തുള്ളതടക്കം യുഎസ് നയതന്ത്ര സ്ഥാപനങ്ങൾ മുൻകാലങ്ങളിൽ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും യുഎസ് വ്യക്തമാക്കി.

ഇറാനോ ഇറാനെ പിന്തുണയ്ക്കുന്ന സംഘങ്ങളോ വിദേശത്തുള്ള യുഎസ് താൽപര്യങ്ങൾ, സ്ഥാപനങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. അടിയന്തര സാഹചര്യങ്ങളിൽ സുരക്ഷാ വിവരങ്ങൾ ലഭിക്കുന്നതിനും യുഎസ് നയതന്ത്ര അധികൃതരുമായി ബന്ധപ്പെടുന്നതിനുമായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സ്മാർട്ട് ട്രാവലർ എൻറോൾമെന്റ് പ്രോഗ്രാമിൽ (STEP) രജിസ്റ്റർ ചെയ്യാനും പൗരന്മാരോട് ആവശ്യപ്പെട്ടു. പ്രകടനങ്ങളും വലിയ ജനക്കൂട്ടങ്ങളും ഒഴിവാക്കണമെന്നും യുഎസുമായി പരസ്യമായി ബന്ധപ്പെട്ടിരിക്കുന്ന സ്ഥലങ്ങളിൽ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

വ്യോമാക്രമണമുണ്ടായാൽ ജനലുകളിൽ നിന്നും ഗ്ലാസ് വാതിലുകളിൽ നിന്നും അകന്നു നിൽക്കണമെന്നും വീണുകിടക്കുന്ന അവശിഷ്ടങ്ങൾ ഒഴിവാക്കണമെന്നും ഔദ്യോഗിക അറിയിപ്പുകൾ നിരീക്ഷിക്കണമെന്നും യുഎസ് നിർദേശിച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് പുതിയ മുന്നറിയിപ്പ്. ഇറാനെതിരെ യുഎസ് സൈനിക, സമുദ്ര സമ്മർദം തുടരുന്നതിനിടെ മേഖലയിലെ യുഎസ് താൽപര്യങ്ങൾക്കെതിരെ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ അധികൃതരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇതിനിടെ സൗദി അറേബ്യയിലുള്ള യുഎസ് പൗരന്മാർക്കും സർക്കാർ ജീവനക്കാർക്കും യുഎസ് പ്രത്യേക സുരക്ഷാ മുന്നറിയിപ്പ് നൽകിയിരുന്നു. ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ തായിഫിലേക്കും യൻബുവിലേക്കുമുള്ള ഔദ്യോഗിക, വ്യക്തിഗത യാത്രകൾക്ക് സർക്കാർ ജീവനക്കാർ പ്രത്യേക അനുമതി നേടണമെന്നും നിർദേശിച്ചിരുന്നു.

റിയാദിലേക്ക് ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതിന് പിന്നാലെ സൗദി അധികൃതർ ‘ശത്രുതാപരമായ വ്യോമ ഭീഷണി’ സംബന്ധിച്ചും അടിയന്തര മുന്നറിയിപ്പ് നൽകിയിരുന്നു. മിസൈൽ തടഞ്ഞതായി സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. ബിഷ്, തായിഫ്, ഫറസാൻ, യൻബു എന്നിവിടങ്ങളിൽ സാധാരണക്കാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ആക്രമണശ്രമങ്ങൾ ഉണ്ടായതായും സഖ്യസേന വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments