ഹൂസ്റ്റണ്‍: ഫോമ എക്‌സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പിന് മുന്നോടിയായി ടീം പ്രോമിസ് സംഘടിപ്പിച്ച ‘Meet Our Candidates’ സംവാദം ശ്രദ്ധേയമായി. പങ്കാളിത്തം കൊണ്ടും തുറന്ന ചർച്ചകളാലും വേറിട്ട അനുഭവമായിരുന്നു ഇത്. നിരവധി പുത്തൻ ആശയങ്ങളാണ് ഇവിടെ ഉയർന്നത്. ടീം പ്രോമിസിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി മാത്യു വര്‍ഗീസ് (ജോസ് ഫ്‌ളോറിഡ), വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോണ്‍സണ്‍ ജോസഫ്, ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി അനു സ്‌കറിയ, ട്രഷറര്‍ സ്ഥാനാര്‍ഥി ബിനോയ് തോമസ്, ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥി രേഷ്മ രഞ്ജന്‍, ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ഥി ടിറ്റോ ജോണ്‍ എന്നിവര്‍ ചർച്ചകളിൽ പങ്കെടുത്തു.

സംഘടനയിൽ നിന്നും അകന്നു നിൽക്കുന്ന കുടുംബങ്ങളെ സംഘാടനയിലേക്ക് മടക്കി കൊണ്ടുവരാൻ പ്രാധാന്യം നൽകുമെന്ന് മാത്യു വർഗീസ് പറഞ്ഞു. എല്ലാ കുട്ടികൾക്കും കൺവൻഷിൽ സൗജന്യ പ്രവേശനം നൽകുമെന്നും പുതുമകളോടെ കൺവൻഷനുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഫോമായെ കൂടുതല്‍ കരുത്തുറ്റ സംഘടനയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് ടീം അവതരിപ്പിച്ചത്. വിദ്യാഭ്യാസം, യുവജന ശാക്തീകരണം, വനിതാ നേതൃത്വം, സാമൂഹിക സേവനം, സാംസ്‌കാരികം തുടങ്ങിയ മേഖലകൾക്ക് പ്രാധാന്യം നൽകും. സ്ഥാനാർത്ഥികൾ മികച്ചതും നവീനവുമായ ആശയങ്ങൾ അവതരിപ്പിച്ചു എന്നതും ശ്രദ്ധേയമായി. തുടര്‍ന്ന് നടന്ന സംവാദത്തില്‍ പ്രതിനിധികള്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് സ്ഥാനാര്‍ഥികള്‍ വിശദമായ മറുപടി നല്‍കി.


