വാഷിങ്ടണ്‍: അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. ട്രംപ് ഭരണകൂടം വാഷിങ്ടണില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഉയരമേറിയ സ്മാരക ആര്‍ച്ചിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടഞ്ഞുകൊണ്ട് ഫെഡറൽ ജഡ്ജി ഉത്തരവിട്ടു. ഫെഡറല്‍ ജഡ്ജി ടാന്യ ചുട്കനാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞുവെച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. നാഷണല്‍ ക്യാപിറ്റല്‍ പ്ലാനിങ് കമ്മീഷന്‍ 8-4 വോട്ടുകള്‍ക്ക് ഈ പദ്ധതിക്ക് അനുമതി നല്‍കി മണിക്കൂറുകള്‍ക്കകമാണ് ജഡ്ജിയുടെ സ്റ്റേ ഉത്തരവ്.
നിര്‍മാണം ആരംഭിച്ചാല്‍ അത് നഗരത്തിലെ ഗതാഗതത്തെയും അത്യാഹിത സേവനങ്ങളെയും ബാധിക്കുമെന്നും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി വിര്‍ജീനിയയും വാഷിങ്ടണ്‍ ഡിസിയും നല്‍കിയ ഹരജിയെ തുടര്‍ന്നാണ് 14 ദിവസത്തേക്ക് താല്‍ക്കാലിക സ്റ്റേ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ ആര്‍ച്ച് അമേരിക്കയെ അപമാനിക്കുന്നതാണെന്നും, ഇത് പൊതുജനനന്മക്കായല്ല, മറിച്ച് ഡോണള്‍ഡ് ട്രംപ് സ്വന്തം കീര്‍ത്തിക്ക് വേണ്ടി നിര്‍മിക്കുന്നതാണെന്നുമായിരുന്നു ഡെമോക്രാറ്റിക് പ്രതിനിധികളുടെ വിമര്‍ശനം. വിഷയം അമേരിക്കയിലുടനീളം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നതിനിടെയാണ് ഫെഡറല്‍ ജഡ്ജിയുടെ സ്റ്റേ.

