Saturday, November 7, 2026
HomeNewsകസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം: നിർണായക ഉത്തരവുമായി സുപ്രീംകോടതി

കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം: നിർണായക ഉത്തരവുമായി സുപ്രീംകോടതി

ഡൽഹി : പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനുള്ള 24 മണിക്കൂർ സമയപരിധി ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയത് മുതലല്ലെന്നും കസ്റ്റഡിയിലെടുത്ത സമയം മുതലാണെന്നും സുപ്രീംകോടതി വിധിച്ചു. ജസ്റ്റിസുമാരായ ഉജ്ജൽ ഭുയാൻ, അതുൽ എസ് ചന്ദൂർകർ എന്നിവരുടെ ബെഞ്ചിന്റേതാണ് ഈ നിർണായക ഉത്തരവ്. ഔദ്യോഗിക അറസ്റ്റ് മുതലാണ് സമയപരിധി എന്ന് കരുതുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 22(2)നും ബിഎൻഎസ്എസിലെ 56-ാം വകുപ്പിനും എതിരാണെന്നും കസ്റ്റഡിയിലെടുക്കുന്ന നിമിഷം മുതൽ വ്യക്തിയുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

കസ്റ്റഡിയിൽ എടുക്കുന്നതും അറസ്റ്റ് ചെയ്യുന്നതും തമ്മിൽ കൃത്രിമമായ വേർതിരിവ് ഉണ്ടാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പുള്ള അന്വേഷണത്തിനോ മറ്റ് നടപടികൾക്കോ എടുക്കുന്ന സമയത്തിന് ഭരണഘടനാപ്രകാരം ഇളവ് ലഭിക്കില്ല. അറസ്റ്റ് ചെയ്ത സ്ഥലത്ത് നിന്ന് മജിസ്ട്രേറ്റിന്റെ കോടതിയിലേക്കുള്ള യാത്രാസമയം മാത്രമാണ് ഭരണഘടന നൽകുന്ന ഏക ഇളവെന്നും സുപ്രീം കോടതി അറിയിച്ചു. ചെറിയൊരു കാലയളവിലേക്കുള്ള കസ്റ്റഡി അറസ്റ്റ് അല്ലെന്ന വാദത്തോട് വിയോജിച്ച കോടതി, മൗലികാവകാശങ്ങൾക്ക് താൽക്കാലിക സസ്പെൻഷൻ സാധ്യമല്ലെന്നും കസ്റ്റഡി പീഡനങ്ങൾ ഇല്ലാതാക്കാൻ ജുഡീഷ്യൽ മേൽനോട്ടം ആവശ്യമാണെന്നും ഓർമിപ്പിച്ചു.

കസ്റ്റഡി സമയം 24 മണിക്കൂർ പരിധിയിൽ നിന്ന് ഒഴിവാക്കാമെന്ന് വിധിച്ച ഒഡീഷ, കേരള, മദ്രാസ് ഹൈക്കോടതികളുടെ നിലപാടുകൾ തള്ളിയ സുപ്രീംകോടതി, എന്നാൽ വ്യക്തിയുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന നിമിഷം മുതൽ 24 മണിക്കൂർ സമയപരിധി കണക്കാക്കണമെന്ന് വ്യക്തമാക്കിയ കേരള ഹൈക്കോടതിയുടെ മറ്റൊരു കേസിലെ നിലപാടിനെ അംഗീകരിക്കുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത തീയതിയും സമയവും മജിസ്ട്രേറ്റുമാർ കൃത്യമായി രേഖപ്പെടുത്തണമെന്നും 24 മണിക്കൂർ പരിധി പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചു.

എൻ.ഡി.പി.എസ് കേസിൽ ജാമ്യം നിഷേധിച്ച ത്രിപുര ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നാലുപേർ സമർപ്പിച്ച അപ്പീലിലാണ് സുപ്രീം കോടതിയുടെ ഈ വിധി. 2025 സെപ്റ്റംബർ 29-ന് ഉച്ചയ്ക്ക് 2 മണിക്ക് കസ്റ്റഡിയിലായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത് സെപ്റ്റംബർ 30-ന് രാവിലെ 11 മണിക്കായിരുന്നു. യാതൊരു ജുഡീഷ്യൽ മേൽനോട്ടവുമില്ലാതെ 18 മണിക്കൂറോളം പ്രതികളെ തടങ്കലിൽ വെച്ചത് ഭരണഘടനാ ലംഘനമാണെന്ന് വിലയിരുത്തിയ കോടതി ഇവരെ ഉടൻ വിട്ടയക്കാൻ ഉത്തരവിടുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments