ന്യൂയോർക്ക് : ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കാനുള്ള ചരിത്രപരമായ കരാർ രണ്ടോ മൂന്നോ ദിവസത്തിനകം സാധ്യമായേക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. കരാർ യാഥാർത്ഥ്യമാകുന്നതോടെ ഇറാൻ്റെ ആണവായുധ നിർമ്മാണം പൂർണ്ണമായി തടയാനും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഉടനടി തുറക്കാനും കഴിയുമെന്ന് ട്രംപ് വ്യക്തമാക്കി. മാഡിസൺ സ്ക്വയർ ഗാർഡനിൽ എൻബിഎ ഫൈനൽസ് കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏപ്രിൽ ആദ്യമുണ്ടായ താൽക്കാലിക വെടിനിർത്തലിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ ഘട്ടത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. എന്നാൽ ഇപ്പോൾ പരസ്പരമുള്ള ആക്രമണങ്ങൾ നിർത്താൻ ഇറാനും ഇസ്രായേലും സമ്മതിച്ചതായി ഇന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. “അവർ പരസ്പരം ആക്രമിക്കുകയായിരുന്നു, ഇപ്പോൾ എന്നിലൂടെ അത് നിർത്താൻ ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്. ഇറാന് ഒരു തരത്തിലും ആണവായുധം അനുവദിക്കാത്ത മികച്ചൊരു കരാറിന്റെ അവസാന ഘട്ടത്തിലാണ് നമ്മൾ,” എയർഫോഴ്സ് വണ്ണിൽ കയറുന്നതിന് മുൻപ് അദ്ദേഹം പറഞ്ഞു.കരാർ ഒപ്പിടുന്നതോടെ ഹോർമുസ് കടലിടുക്ക് ഉടനടി തുറക്കുമെന്നും ചർച്ചകളിൽ മറ്റ് തടസ്സങ്ങളൊന്നുമില്ലെന്നും എല്ലാ കക്ഷികളും കരാറിനോട് വളരെ അടുത്ത് കഴിഞ്ഞതായും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, ഇറാനിയൻ തുറമുഖങ്ങൾക്ക് മേലുള്ള യുഎസ് ഉപരോധം ഇപ്പോഴും തുടരുകയാണ്.മുൻപും ചർച്ചകൾക്കിടെ കരാർ ഉടൻ ഉണ്ടാകുമെന്ന് ട്രംപ് അവകാശപ്പെട്ടിട്ടുണ്ടെങ്കിലും പിന്നീട് സംഘർഷങ്ങൾ വീണ്ടും വർദ്ധിക്കുകയാണ് ചെയ്തിട്ടുള്ളത്. ഞായർ, തിങ്കൾ ദിവസങ്ങളിലെ ശക്തമായ ആക്രമണങ്ങൾക്ക് ശേഷം ഇറാനും ഇസ്രായേലും നിലവിൽ താൽക്കാലികമായി ആക്രമണങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ ദക്ഷിണ ലെബനനിലെ ഇസ്രായേൽ ആക്രമണം തുടർന്നാൽ തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

