വാഷിങ്ടൻ: ഹോർമുസ് കടലിടുക്കിനു സമീപം അമേരിക്കൻ സൈനിക ഹെലികോപ്റ്റർ തകർത്തത് ഇറാൻ ആണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ ആക്രമണത്തോട് യുഎസ് പ്രതികരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഹോർമുസിന് സമീപം യുഎസിന്റെ ആധുനിക അപ്പാച്ചെ ഹെലികോപ്റ്റർ ആണ് തകർന്നത്. ഇതിലെ പൈലറ്റുമാരെ ഡ്രോൺ ബോട്ട് ഉപയോഗിച്ച് രക്ഷപ്പെടുത്തിയതിനു പിന്നാലെ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ട്രംപ് ഇറാനെതിരെ ആരോപണം ഉന്നയിച്ചത്. പൈലറ്റുമാർ സുരക്ഷിതരാണെന്നും പരുക്കേൽക്കാതെ രക്ഷപ്പെട്ടെന്നും ട്രംപ് പറഞ്ഞു.
അമേരിക്കൻ സൈന്യം കടലിൽ നടത്തിയ ആദ്യത്തെ ഡ്രോൺ രക്ഷാപ്രവർത്തനമായിരുന്നു ഇതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വക്താവ് ടിം ഹോക്കിൻസ് പറഞ്ഞു. തങ്ങളുടെ അത്യാധുനികത ഹെലികോപ്റ്ററുകളിലൊന്നാണ് ഇറാൻ വെടിവച്ചിട്ടതെന്നും ഒറ്റ രാത്രി കൊണ്ട് തന്നെ യുഎസ് സൈന്യം ഹോർമുസ് കടലിടുക്കിൽ പട്രോളിങ് നടത്തുകയും ഇറാനെതിരെ പ്രതികരണമറിയിക്കുകയും ചെയ്യുമെന്നും ട്രംപ് പറഞ്ഞു.

