വാഷിങ്ടൺ : പാകിസ്ഥാൻ വഴി ചൈന ഇറാന് ആയുധങ്ങൾ നൽകാൻ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളിൽ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അത്തരമൊരു നീക്കം നടന്നാൽ താൻ “വളരെ നിരാശപ്പെടും” എന്ന് ട്രംപ് പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇറാന് ആയുധങ്ങൾ നൽകില്ലെന്ന് നേരിട്ട് ഉറപ്പ് നൽകിയിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ, “ആ വാർത്ത അമ്പരപ്പിക്കുന്നതാണ്. ഷി ജിൻപിങ് അത്തരമൊരു കാര്യത്തിൽ ചൈന പങ്കാളിയാകില്ലെന്ന് വളരെ വ്യക്തമായി പറഞ്ഞിരുന്നു. അത് സംഭവിച്ചാൽ എനിക്ക് വലിയ നിരാശയാകും,” എന്ന് ട്രംപ് പറഞ്ഞു. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാന്റെ വ്യോമപ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ചൈന നിർമിച്ച 400 വരെ തോളിലേറ്റി ഉപയോഗിക്കാവുന്ന വ്യോമപ്രതിരോധ മിസൈൽ സംവിധാനങ്ങൾ (MANPADS) പാകിസ്ഥാൻ വഴി ഇറാന് കൈമാറാൻ കരാറായെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
പടിഞ്ഞാറൻ ചൈനയിലെ ഉറുംഖിയിൽ നിന്ന് ആയുധങ്ങൾ ആദ്യം പാകിസ്ഥാനിലെത്തിച്ചശേഷം അവിടെ നിന്ന് ഇറാനിലേക്ക് എത്തിക്കുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഈ വാർത്തകൾ ചൈനയും പാകിസ്ഥാനും തള്ളി. “റിപ്പോർട്ടുകൾക്ക് യാതൊരു അടിസ്ഥാനവുമില്ല. സമാധാനം പുനഃസ്ഥാപിക്കാനും സംഘർഷം അവസാനിപ്പിക്കാനുമുള്ള ശ്രമങ്ങളെയാണ് ചൈന പിന്തുണയ്ക്കുന്നത്,” എന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാകിസ്ഥാൻ സൈന്യത്തിന്റെ മാധ്യമവിഭാഗമായ ഐ.എസ്.പി.ആറും ആരോപണങ്ങൾ നിഷേധിച്ചു. പാകിസ്ഥാൻ വഴി ചൈന ഇറാന് വ്യോമപ്രതിരോധ ആയുധങ്ങൾ എത്തിക്കുന്നുവെന്ന പ്രചാരണം പൂർണമായും വ്യാജമാണ് എന്നാണ് ഐ.എസ്.പി.ആറിന്റെ പ്രതികരണം.
60 മുതൽ 70 ദശലക്ഷം ഡോളർ വരെ വിലമതിക്കുന്ന കരാറിൽ ചൈനീസ് നിർമിത QW-12, FN-16 മിസൈൽ സംവിധാനങ്ങൾ ഉൾപ്പെടെ 300 മുതൽ 400 വരെ മാൻ-പോർട്ടബിൾ എയർ ഡിഫൻസ് സിസ്റ്റങ്ങൾ വാങ്ങാനാണ് ധാരണയായതെന്നാണ് റിപ്പോർട്ടുകൾ. പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ അമേരിക്കയും ഇറാനും തമ്മിൽ മധ്യസ്ഥത വഹിക്കുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാൻ. ഈ സാഹചര്യത്തിൽ ചൈനീസ് ആയുധങ്ങൾ പാകിസ്ഥാൻ വഴി ഇറാനിലെത്തുന്നുവെന്ന റിപ്പോർട്ടുകൾ ശരിയാണെന്ന് തെളിഞ്ഞാൽ വാഷിങ്ടണും ഇസ്ലാമാബാദും തമ്മിലുള്ള ബന്ധത്തിൽ പുതിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

