Monday, September 14, 2026
HomeNewsആമസോൺ ചരക്ക് വിമാനാപകടം: കാർഗോ കാരിയർ കമ്പനിയായ ’21 എയറു’മായുള്ള സർവീസുകൾ...

ആമസോൺ ചരക്ക് വിമാനാപകടം: കാർഗോ കാരിയർ കമ്പനിയായ ’21 എയറു’മായുള്ള സർവീസുകൾ നിർത്തിവെച്ച് ആമസോൺ

മയാമി: കഴിഞ്ഞയാഴ്ച യുഎസിലെ മയാമിയിലുണ്ടായ മാരകമായ ചരക്ക് വിമാനാപകടത്തെ തുടർന്ന് കാർഗോ കാരിയർ കമ്പനിയായ ’21 എയറു’മായുള്ള എല്ലാ സർവീസുകളും പ്രമുഖ ഇ-കൊമേഴ്സ് ഭീമന്മാരായ ആമസോൺ താൽക്കാലികമായി നിർത്തിവെച്ചു. അഞ്ച് പേരുടെ മരണത്തിനും അഞ്ച് പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ വൻ ദുരന്തത്തിന് പിന്നാലെയാണ് ആമസോണിൻ്റെ ഈ അടിയന്തര നടപടി.

കഴിഞ്ഞ സെപ്റ്റംബർ 6-നാണ് ആമസോണിന് വേണ്ടി സർവീസ് നടത്തിയിരുന്ന 21 എയറിൻ്റെ 7598-ാം നമ്പർ ഫ്ലൈറ്റ് മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് 1,300 അടിയിലധികം മുന്നോട്ട് നിയന്ത്രണം വിട്ട് കുതിച്ചത്. റൺവേ മറികടന്ന വിമാനം ഏഴ് യാത്രക്കാരുണ്ടായിരുന്ന ഒരു വാനിലും മറ്റൊരു വാഹനത്തിലും ഇടിച്ച ശേഷമാണ് സമീപത്തെ വയലിൽ ചെന്ന് നിന്നത്. വാനിലുണ്ടായിരുന്ന അഞ്ച് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാർ ഉൾപ്പെടെ പരിക്കേറ്റ അഞ്ച് പേരിൽ രണ്ടുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡ് (NTSB) വിമാനത്തിന്റെ കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ പരിശോധിച്ച ശേഷം ചില നിർണായക വിവരങ്ങൾ പുറത്തുവിട്ടു. അപകടത്തിന് ഒരു മിനിറ്റും 42 സെക്കൻഡും മുമ്പ് വിമാനം അമിതവേഗതയിലാണെന്ന് പൈലറ്റുമാരിൽ ഒരാൾ മുന്നറിയിപ്പ് നൽകിയിരുന്നതായി റെക്കോർഡുകളിൽ വ്യക്തമാണ്.

ലാൻഡിംഗിന് തൊട്ടുമുമ്പ് വേഗത കുറയ്ക്കാൻ സാധിക്കാതെ വന്നതോടെ, അപകടം ഒഴിവാക്കാൻ പൈലറ്റുമാർ ലാൻഡിംഗ് ഉപേക്ഷിച്ച് വിമാനം വീണ്ടും മുകളിലേക്ക് ഉയർത്താൻ (Go-around) ശ്രമിച്ചെങ്കിലും അപ്പോഴേക്കും വിമാനം റൺവേയിൽ നിന്ന് നിയന്ത്രണം വിട്ട് പുറത്തേക്ക് കുതിച്ചിരുന്നു.ദുരന്തത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും ഇരകളുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും ആമസോണും 21 എയറും അറിയിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments