ഗാന്ധിനഗർ: ജയിൽ പരിഷ്കരണങ്ങളും തടവുകാരുടെ ക്ഷേമവും മുൻനിർത്തി ഗുജറാത്തിലെ വിവിധ ജയിലുകളിൽ കഴിയുന്ന 143 അർഹരായ തടവുകാർക്ക് 15 ദിവസത്തെ ദീപാവലി പരോൾ അനുവദിക്കാൻ ഗുജറാത്ത് സർക്കാർ തീരുമാനിച്ചു. ഉപമുഖ്യമന്ത്രി ഹർഷ സംഘവിയുടെ നിർദ്ദേശപ്രകാരമാണ് സംസ്ഥാനത്തുടനീളമുള്ള വിവിധ ജയിലുകളിൽ ശിക്ഷ അനുഭവിക്കുന്ന 143 അർഹരായ തടവുകാർക്ക് 15 ദിവസത്തെ ദീപാവലി പരോൾ അനുവദിച്ചത്.
2003 മുതൽ എല്ലാ വർഷവും ദീപാവലി വേളയിൽ തടവുകാർക്ക് 15 ദിവസത്തെ പരോൾ അവധി സംസ്ഥാന സർക്കാർ നൽകിവരുന്നുണ്ട്. ഈ നയമനുസരിച്ച്, 60 വയസോ അതിൽ കൂടുതലോ പ്രായമുള്ള അർഹരായ പുരുഷ തടവുകാർക്കും അർഹരായ വനിതാ തടവുകാർക്കും കുടുംബാംഗങ്ങളോടൊപ്പം ദീപാവലി ആഘോഷിക്കാൻ പരോൾ നൽകാറുണ്ട്.സംസ്ഥാന സർക്കാറിന്റെ ചട്ടങ്ങൾ അനുസരിച്ച് ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട തടവുകാർക്ക് ദീപാവലി പരോളിന് യോഗ്യതയില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് പൊലീസ് കെ. എൽ. എൻ. റാവു വ്യക്തമാക്കി. ഹൈക്കോടതിയിൽ അപ്പീൽ നിലനിൽക്കുന്ന തടവുകാർ, എൻ.ആർ.ഐ തടവുകാരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തടവുകാരും, എൻ.ഡി.പി.എസ് ആക്ട്, ടാഡ, പോട്ട എന്നിവ പ്രകാരം ശിക്ഷ അനുഭവിക്കുന്ന തടവുകാർ, തീവ്രവാദ പ്രവർത്തനങ്ങളിലോ സംസ്ഥാനത്തിന്റെ സാമ്പത്തിക വ്യവസ്ഥക്ക് ദോഷകരമായ പ്രവർത്തനങ്ങളിലോ ഏർപ്പെട്ടിട്ടുള്ള തടവുകാർ, ഒന്നിലധികം കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട തടവുകാർ, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, കവർച്ച, ഭവനഭേദനം, മോഷണം, പണം തട്ടിയെടുക്കൽ തുടങ്ങിയ ഗുരുതരവും സാമൂഹിക വിരുദ്ധവുമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള തടവുകാർ, മുൻകരുതൽ തടങ്കൽ ഉത്തരവുകൾ നിലവിലുള്ള തടവുകാർ എന്നിവരെ ഈ ആനുകൂല്യത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

