കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പടെ ഉള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഡിജിപിക്ക് നല്‍കിയ കത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വീണ ടി ദുബായിലേക്ക് കൈമാറിയത് 85 ലക്ഷം രൂപയെന്നാണ് കത്തില്‍ പറയുന്നത്. വീണ സ്വന്തം കൈപ്പടയിലെഴുതിയ പണമിടപാടിന്റെ കുറിപ്പുകളും കത്തിനൊപ്പമുണ്ട്. മുഹമ്മദ് റിയാസിനെതിരെ ഹസന്‍ വാരിസിന്റെ നിര്‍ണായക മൊഴിയുണ്ടെന്നും ഇഡി ഡിജിപിക്ക് അയച്ച കത്തില്‍ പറയുന്നു.
ഹവാല ഏജന്റായ സുബൈര്‍ കരുവാംപോയില്‍ വഴിയാണ് അഞ്ചുതവണ പണം കടത്തിയതെന്ന് ഹസന്‍ വാരിസിന്റെ മൊഴിയുണ്ട്. 2024 ജൂലൈ മുതല്‍ 2025 ജൂലൈ വരെയാണ് പണം കടത്തിയത്. ഒരു വര്‍ഷ കാലയളവില്‍ ഒരു കോടി 20 ലക്ഷം രൂപ ഇങ്ങനെ കടത്തിയെന്നും ഇഡി കത്തില്‍ പറയുന്നു. ദുബായിലുള്ള ഫൈജാസിന് പണം കൈമാറാനായിരുന്നു നിര്‍ദേശം. റിയാസിന്റെ നിര്‍ദേശ പ്രകാരം ചില ആളുകള്‍ പണം തന്നുവെന്നും ഹസന്‍ വാരിസിന്റെ മൊഴിയിലുണ്ട്. വാരിസിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ഹവാല ഇടപാടുകളുടെ വാട്‌സ്ആപ്പ് ചാറ്റുകള്‍ ലഭിച്ചുവെന്നും ഇ ഡി കത്തിലുണ്ട്.

