Wednesday, May 13, 2026
HomeNewsമുൻ കെ.പി.സി.സി പ്രസിഡന്റുമാരെ ഡൽഹിയിലേക്ക് വിളിപ്പിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്

മുൻ കെ.പി.സി.സി പ്രസിഡന്റുമാരെ ഡൽഹിയിലേക്ക് വിളിപ്പിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്

ന്യൂഡൽഹി: കേരളത്തിൽ മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചയിൽ പുതിയ നീക്കവുമായി കോൺഗ്രസ് ഹൈക്കമാൻഡ്. കെ. മുരളീധരൻ, കെ. സുധാകരൻ, എം.എം. ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നീ നാല് മുൻ കെ.പി.സി.സി പ്രസിഡന്റുമാരെ ഡൽഹിയിലേക്ക് വിളിപ്പിച്ചു. നാളെ ഡൽഹിയിൽ എത്താനാണ് നിർദേശം. മുഖ്യമന്ത്രി തീരുമാനം ഇവരോട് കൂടി അന്തിമമായി ചർച്ച നടത്തി പ്രഖ്യാപിക്കാനാണ് നീക്കമെന്നറിയുന്നു.

കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രിയാകാൻ വിട്ടുവീഴ്ചയില്ലാതെ മത്സരരംഗത്തുള്ളത്. തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഇക്കാര്യത്തിൽ ഒരു സമവായത്തിൽ നേതൃത്വം എത്തിയിട്ടില്ല. ഇന്നലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഡൽഹി വിട്ടുപോവുകകൂടി ചെയ്തതോടെ വിഷയത്തിൽ തുടർനടപടി ഉണ്ടായിരുന്നില്ല.

ഞായറാഴ്ച വിജയ് സർക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചെന്നൈയിലേക്കും കോൺഗ്രസ് നേതാവിന്റെ മരണത്തെ തുടർന്ന് എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ കർണാടകയിലേക്കും പോയതോടെയാണിത്. ഇരുവരും തിരിച്ചുവന്ന ശേഷമേ തുടർ നടപടി ഉണ്ടാകൂ. പ്രഖ്യാപനം എന്ന് നടക്കുമെന്ന സൂചന നൽകാൻപോലും കോൺഗ്രസ് ഹൈകമാൻഡ് തയാറാകാത്തതിനാൽ അനിശ്ചിതത്വം തുടരുകയാണ്.

മത്സരരംഗത്തുള്ള മൂന്ന് നേതാക്കളും ഒരുപോലെ പ്രതീക്ഷ തുടരുന്നതിനിടെ പ്രഖ്യാപനം നീണ്ടുപോകുന്ന സമയം ഉപയോഗപ്പെടുത്തി വി.ഡി. സതീശന് ഒപ്പം ഉറച്ചുനിൽക്കുന്ന മുഖ്യഘടകക്ഷിയായ മുസ്‍ലിംലീഗിനെ സ്വാധീനിക്കാനുള്ള ശ്രമം കെ.സി. വേണുഗോപാൽ പക്ഷം ഞായറാഴ്ച നടത്തിയിരുന്നു. അന്തിമ തീരുമാനത്തിന് മുമ്പ് ഘടകകക്ഷി നേതാക്കളുടെ അഭിപ്രായം രാഹുൽ ഗാന്ധിയും ഖാർഗെയും തേടുമെന്ന് മുൻകൂട്ടിക്കണ്ടാണ് കെ.സി പക്ഷത്തിന്റെ നീക്കം.

ഇതിനിടയിൽ കേരളത്തിലെ മുഖ്യമന്ത്രി നിർണയം നീളുന്നതിൽ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നു.ഭൂരിപക്ഷം ലഭിച്ചിട്ടും എന്തുകൊണ്ട് സർക്കാർ രൂപവത്കരിക്കുന്നില്ലെന്ന് ചോദിച്ച മോദി, മുഖ്യമന്ത്രി പദം രണ്ടര വർഷം വീതം വെച്ചോ, അഞ്ചുവർഷത്തേക്ക് അഞ്ചു മുഖ്യമന്ത്രിമാരെ െതരഞ്ഞെടുത്തോ തർക്കം തീർക്കാനും ഉപദേശിച്ചു. രാജസ്ഥാനിലും ഛത്തിസ്ഗഢിലും കർണാടകയിലും കണ്ട അതേ കാര്യമാണ് കേരളത്തിലുമെന്നും കർണാടകയിൽ ഇപ്പോഴും മുഖ്യമന്ത്രി ചർച്ച തുടരുകയാണെന്നും മോദി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments