ഡോ. മധു നമ്പ്യാർ
ബെഥെസ്ഡ, മേരിലാൻഡ്: നായർ സൊസൈറ്റി ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ (NSGW) സംഘടിപ്പിച്ച ഫാമിലി നൈറ്റ്ബെഥെസ്ഡയിലെ വെസ്റ്റ്ലാൻഡ് മിഡിൽ സ്കൂളിൽ നടന്നു. സംഘടനയിലെ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടിയിൽ കലാപരിപാടികൾ, കുടുംബ വിനോദ മത്സരങ്ങൾ, പുതിയ ഡയറക്ടർ ബോർഡിന്റെ പരിചയപ്പെടുത്തൽ, പുതിയ ഭാരവാഹികളുടെ പ്രഖ്യാപനം, ഡിന്നർ എന്നിവ ഉൾപ്പെടുത്തി.
മുതിർന്ന വനിതകളും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ചേർന്ന് നിലവിളക്ക് തെളിച്ചതോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് അശ്വന്ത്, അദ്വൈത്, റോഹൻ എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. NSGW പ്രസിഡന്റ് ജിനേഷ് കുളപ്പറമ്പിൽ സ്വാഗതം ആശംസിച്ചു.

സാനികയും അശ്വികയും ചേർന്നുള്ള ഡ്യൂയറ്റ് ഗാനത്തോടെ കലാപരിപാടികൾക്ക് തുടക്കമായി. സുന്ദർ മാളികയിൽ, സാധിക ചെവരി, നാരായണൻകുട്ടി മേനോൻ, വിമൽ വേണുഗോപാൽ, അനന്ത് ശ്യാംകൃഷ്ണൻ എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു. സാധിക ചെവരി, നമ്രത ഷാജു, സാനിക സാജു, അശ്വിക ശ്രീ എന്നിവർ അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ് പരിപാടിയുടെ മറ്റൊരു ആകർഷണമായി. ഗീതു നിർമലായിരുന്നു നൃത്തസംവിധാനം. വൈഷ്ണവി നായർ സിനിമാറ്റിക് ഡാൻസ് അവതരിപ്പിച്ചു. സാജു കുമാർ, മുരളി കാരിച്ചേരി, ഗൗരി ഗോപിനാഥ് എന്നിവരുടെ ഗാനങ്ങളും പരിപാടിയിൽ ഉണ്ടായിരുന്നു.

2027-ലെ NSGW ഡയറക്ടർ ബോർഡിന്റെ ഔദ്യോഗിക പരിചയപ്പെടുത്തലും ചടങ്ങിൽ നടന്നു. തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുരേഷ് മേനോൻ, ശേഖർ ഹരിഗോവിന്ദ്, ഗിരീഷ് എന്നിവർ ചേർന്നാണ് പുതിയ ഡയറക്ടർ ബോർഡിനെ പരിചയപ്പെടുത്തിയത്. 2027-ലെ NSGW പ്രസിഡന്റായി ശ്രീജിത്ത് നായരെയും 2028-ലെ പ്രസിഡന്റ്-ഇലക്ടായി നാരായണൻകുട്ടി മേനോനെയും പ്രഖ്യാപിച്ചു. രതീഷ് നായർ നേതൃത്വം നൽകുന്ന ബൈലോ കമ്മിറ്റിയെയും ചടങ്ങിൽ പ്രഖ്യാപിച്ചു.

2027-ലെ പ്രവർത്തന പദ്ധതികളെക്കുറിച്ച് ശ്രീജിത്ത് നായർ സംസാരിച്ചു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും അദ്ദേഹം നന്ദി അറിയിക്കുകയും പുതിയ വർഷത്തെ പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും സഹകരണവും പിന്തുണയും അഭ്യർത്ഥിക്കുകയും ചെയ്തു.

2026-ൽ NSGW നടത്തിയ വിവിധ പ്രവർത്തനങ്ങളുടെ വീഡിയോയും സ്ലൈഡ് ഷോയും ചടങ്ങിൽ പ്രദർശിപ്പിച്ചു. പ്രസിഡന്റ് ജിനേഷ് കുളപ്പറമ്പിൽ 2026-ലെ സംഘടനയുടെ പ്രവർത്തനങ്ങളും നേട്ടങ്ങളും അവതരിപ്പിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും കമ്മിറ്റി അംഗങ്ങൾക്കും സന്നദ്ധ പ്രവർത്തകർക്കും സംഘടനയുടെ പ്രവർത്തനങ്ങളിൽ സഹകരിച്ച എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു.

എന്റർടെയ്ൻമെന്റ് ചെയർ സാജു കുമാറും 2027 പ്രസിഡന്റ് ശ്രീജിത്ത് നായരും ചേർന്നാണ് പരിപാടിയുടെ അവതാരകരായി പ്രവർത്തിച്ചത്.
കുടുംബ വിനോദ മത്സരങ്ങളും ഫാമിലി നൈറ്റിന്റെ ഭാഗമായി നടന്നു. കുട്ടികളും മുതിർന്നവരും വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒരുമിച്ച് സമയം ചെലവഴിക്കാനുള്ള അവസരമായി മത്സരങ്ങൾ മാറി.

പരിപാടിക്കിടെ കോഫി, ചായ, ലഘുഭക്ഷണങ്ങൾ എന്നിവയും തുടർന്ന് വിഭവസമൃദ്ധമായ ഡിന്നറും ഒരുക്കിയിരുന്നു. സമോസ, കൊത്തു പൊറോട്ട, ചപ്പാത്തി, മഞ്ചൂറിയൻ, മലായ് കോഫ്ത, പനീർ മസാല, ചിക്കൻ കറി, വെജ് പുലാവ്, സേമിയ പായസം, വിവിധ മധുരപലഹാരങ്ങൾ എന്നിവയായിരുന്നു ഡിന്നറിലെ പ്രധാന വിഭവങ്ങൾ.

NSGW-യുമായി പുതുതായി ചേർന്ന കുടുംബങ്ങളെ ചടങ്ങിൽ സദസ്സിന് പരിചയപ്പെടുത്തി. കേരളത്തിൽ ആവശ്യക്കാരായ കുടുംബങ്ങൾക്ക് തയ്യൽ മെഷീനുകൾ നൽകുന്നതിനായി KHNA വിമൻസ് ഫോറം സെക്രട്ടറി രാജി നായർ നേതൃത്വം നൽകുന്ന ചാരിറ്റി പദ്ധതിയെക്കുറിച്ചും ചടങ്ങിൽ വിശദീകരിച്ചു.

അംഗങ്ങളും കുടുംബങ്ങളും സുഹൃത്തുക്കളും ഒത്തുചേർന്ന ഫാമിലി നൈറ്റ് ഭക്ഷണം, കലാപരിപാടികൾ, വിനോദ മത്സരങ്ങൾ, സൗഹൃദം എന്നിവകൊണ്ട് ശ്രദ്ധേയമായി. സംഘടനയുടെ നേതാക്കളുടെയും കമ്മിറ്റി അംഗങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയും അംഗങ്ങളുടെയും കൂട്ടായ സഹകരണമാണ് പരിപാടിയുടെ വിജയത്തിന് പിന്നിൽ.



