Monday, October 26, 2026
HomeNews'അർണബ്’ ചുഴലിക്കാറ്റ്: ആന്ധ്രായിൽ ജാഗ്രത നിർദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

‘അർണബ്’ ചുഴലിക്കാറ്റ്: ആന്ധ്രായിൽ ജാഗ്രത നിർദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂനമർദം ‘അർണബ്’ ചുഴലിക്കാറ്റായി മാറി. കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിലും സമീപ പ്രദേശങ്ങളിലും നിലകൊള്ളുന്ന അർണബ്, ഇന്ന് അർദ്ധരാത്രിയോടെ കടുത്ത ചുഴലിക്കാറ്റായും ഒക്ടോബർ 27-ഓടെ അതിതീവ്ര ചുഴലിക്കാറ്റായും കൂടുതൽ ശക്തിപ്രാപിക്കും. തുടർന്ന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് ഒക്ടോബർ 28-ന് ഉച്ചയ്ക്ക് മുൻപായി ആന്ധ്രാപ്രദേശിലെ ബാപ്പറ്റ്‌ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള തീരത്തിലൂടെ കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കരതൊടുന്ന സമയത്ത് മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെയും, പരമാവധി 140 കിലോമീറ്റർ വരെയും വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ട്. നിലവിൽ ഗോപാൽപൂരിൽ നിന്ന് 610 കിലോമീറ്ററും വിശാഖപട്ടണത്ത് നിന്ന് 650 കിലോമീറ്ററും അകലെയാണ് ചുഴലിക്കാറ്റിന്റെ കേന്ദ്രം. അർണബിന്റെ സ്വാധീനഫലമായി ആന്ധ്രാപ്രദേശ്, തെക്കൻ ഒഡീഷ തീരങ്ങൾക്ക് റെഡ് അലർട്ട് നൽകിയിട്ടുണ്ട്. ആന്ധ്രക്ക് പുറമെ പശ്ചിമ ബംഗാൾ, ഒഡീഷ, തമിഴ്നാട് സംസ്ഥാനങ്ങളിലും കനത്ത പ്രത്യാഘാതമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൂടാതെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടും നിലവിലുണ്ട്. നാളെയും ആറ് ജില്ലകളിൽ മഞ്ഞ അലർട്ട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments