Monday, October 26, 2026
HomeNewsബെഞ്ചമിൻ നെതന്യാഹുവിന്റെ രാഷ്ട്രീയഭാവി എന്താവും?: പൊതു തെരഞ്ഞെടുപ്പിന് തയ്യാറെടുത്ത് ഇസ്രയേൽ

ബെഞ്ചമിൻ നെതന്യാഹുവിന്റെ രാഷ്ട്രീയഭാവി എന്താവും?: പൊതു തെരഞ്ഞെടുപ്പിന് തയ്യാറെടുത്ത് ഇസ്രയേൽ

ടെൽ അവീവ് : രാജ്യത്തിന്റെ 78 വർഷത്തെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ പൊതുതിരഞ്ഞെടുപ്പിനാണ് ചൊവ്വാഴ്ച ഇസ്രയേൽ സാക്ഷ്യംവഹിക്കുന്നതെന്ന് റിപ്പോർട്ട്. 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിനും തുടർന്ന് ഗാസയിൽ ആരംഭിച്ച യുദ്ധത്തിനുംശേഷം നടക്കുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പാണിത്. ഏറ്റവും കൂടുതൽ കാലം ഇസ്രയേൽ പ്രധാനമന്ത്രിയായിരുന്ന ബെഞ്ചമിൻ നെതന്യാഹുവിന്റെ രാഷ്ട്രീയഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പായും ഇത് വിലയിരുത്തപ്പെടുന്നു.

ചൊവ്വാഴ്ച വോട്ടെടുപ്പ് പൂർത്തിയായാലും പുതിയ പ്രധാനമന്ത്രി ആരാകുമെന്നും പുതിയ സർക്കാർ എപ്പോൾ അധികാരമേൽക്കുമെന്നും അറിയാൻ ആഴ്ചകളോ മാസങ്ങളോ വേണ്ടിവന്നേക്കാം. രാജ്യത്തെ സങ്കീർണമായ പാർലമെന്ററി സംവിധാനവും സഖ്യസർക്കാർ രൂപീകരണത്തിലെ അനിശ്ചിതത്വവുമാണ് ഇതിന് കാരണം.

അതേസമയം, തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ സുരക്ഷാ വിഷയങ്ങളിൽ ശക്തമായ നിലപാട് ഉയർത്തിക്കാട്ടാനുള്ള നീക്കത്തിന്റെ ഭാഗമായി വെസ്റ്റ്ബാങ്കിൽ വലിയ സൈനിക നടപടികൾക്ക് നെതന്യാഹു ഉത്തരവിട്ടതായും റിപ്പോർട്ടുകളുണ്ട്.പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ലികുഡ് പാർട്ടിയും തീവ്ര വലതുപക്ഷ സഖ്യകക്ഷികളും ഇത്തവണ കടുത്ത മത്സരമാണ് നേരിടുന്നത്. മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ട് നയിക്കുന്ന യഷാർ പാർട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യമാണ് നെതന്യാഹുവിന് വെല്ലുവിളിയുയർത്തുന്നത്. വർഷങ്ങളായി തുടരുന്ന സംഘർഷങ്ങളും യുദ്ധവും രാജ്യത്തുണ്ടാക്കിയ പ്രത്യാഘാതങ്ങൾക്കിടെ ഐസൻകോട്ടിന് ജനപിന്തുണ വർധിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പുറത്തുവന്ന വിവിധ അഭിപ്രായ സർവേകൾ വ്യത്യസ്ത പ്രവചനങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. എങ്കിലും ചില സർവേകളിൽ ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് നേരിയ മുൻതൂക്കം ലഭിക്കുന്നതായാണ് സൂചന. എന്നാൽ, തിരഞ്ഞെടുപ്പ് ഫലം എന്തായിരിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നു.

തിരഞ്ഞെടുപ്പ് ദിനമായ ചൊവ്വാഴ്ച ഇസ്രയേലിൽ പൊതുഅവധിയാണ്. സ്കൂളുകളും സർക്കാർ ഓഫീസുകളും ഉൾപ്പെടെ മിക്ക സ്ഥാപനങ്ങളും പ്രവർത്തിക്കില്ല. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും പ്രാദേശിക സമയം രാവിലെ ഏഴുമുതൽ രാത്രി പത്തുവരെയാണ് വോട്ടെടുപ്പ് നടക്കുക.18 വയസ് പൂർത്തിയായ, വോട്ടർപട്ടികയിൽ പേരുള്ള ഇസ്രയേൽ പൗരന്മാർക്ക് തിരിച്ചറിയൽ കാർഡ് ഉൾപ്പെടെയുള്ള അംഗീകൃത രേഖകൾ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താം. എന്നാൽ, വിദേശത്തുള്ള ഭൂരിഭാഗം സാധാരണ പൗരന്മാർക്കും അവിടെനിന്ന് വോട്ട് ചെയ്യാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ട്.

ഇസ്രയേൽ ജനസംഖ്യയുടെ ഏകദേശം 20 ശതമാനം വരുന്ന അറബ് പൗരന്മാരുടെ വോട്ടിങ് ശതമാനവും തിരഞ്ഞെടുപ്പിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. ഇവരുടെ പങ്കാളിത്തം വിവിധ പാർട്ടികളുടെ സീറ്റുനിലയെയും സർക്കാർ രൂപീകരണ സാധ്യതകളെയും സ്വാധീനിച്ചേക്കാം.

ഇസ്രയേൽ പാർലമെന്റായ നെസ്സറ്റിൽ ആകെ 120 സീറ്റുകളാണുള്ളത്. സാധാരണയായി നാലുവർഷത്തിലൊരിക്കലാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാൽ, രാഷ്ട്രീയ അസ്ഥിരതയും സഖ്യകക്ഷികൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങളും കാരണം പലപ്പോഴും കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തേണ്ടിവരാറുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments