Wednesday, May 13, 2026
HomeGulfമദ്യവിൽപനയിലൂടെ കള്ളപ്പണം വെളുപ്പിച്ചു: യുഎഇയിൽ ഇന്ത്യക്കാരൻ പിടിയിൽ

മദ്യവിൽപനയിലൂടെ കള്ളപ്പണം വെളുപ്പിച്ചു: യുഎഇയിൽ ഇന്ത്യക്കാരൻ പിടിയിൽ

അബുദാബി/കുവൈത്ത് സിറ്റി∙ അനധികൃത മദ്യവിൽപനയിലൂടെ ലഭിച്ച കള്ളപ്പണം വെളുപ്പിച്ച കേസിൽ യുഎഇയിൽ പിടിയിലായ ഇന്ത്യക്കാരനെ കുവൈത്തിന് കൈമാറി. ഇന്റർപോളിന്റെയും യുഎഇ സുരക്ഷാ വിഭാഗത്തിന്റെയും സഹായത്തോടെയാണ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടി കുവൈത്തിലെത്തിച്ചത്. പ്രതിക്ക് കുവൈത്ത് കോടതി നേരത്തെ പത്തുവർഷം കഠിനതടവും നാടുകടത്തലും വിധിച്ചിരുന്നു. അനധികൃതമായി സമ്പാദിച്ച മുഴുവൻ പണവും കണ്ടുകെട്ടാനും കോടതി ഉത്തരവുണ്ട്.

കുവൈത്തിൽ അനധികൃതമായി മദ്യവിൽപന നടത്തുന്ന വലിയൊരു ക്രിമിനൽ ശൃംഖലയെക്കുറിച്ച് നേരത്തെ സുരക്ഷാ വിഭാഗത്തിന് വിവരങ്ങൾ ലഭിച്ചിരുന്നു. ഈ സംഘം നിയമവിരുദ്ധമായി സമ്പാദിച്ച പണം സങ്കീർണമായ സാമ്പത്തിക ഇടപാടുകളിലൂടെ വെളുപ്പിച്ചെടുക്കുകയായിരുന്നു. ഇതിന് നേതൃത്വം നൽകിയ വ്യക്തിയെയാണ് ഇപ്പോൾ പിടികൂടിയത്.

157 ഏഷ്യക്കാരെ ഉപയോഗിച്ച് 13 അംഗീകൃത ലോക്കൽ എക്സ്ചേഞ്ചുകൾ വഴി 254 തവണകളായാണ് സംഘം പണം കടത്തിയത്. 4,33,745 കുവൈത്ത് ദിനാറാണ് ഇത്തരത്തിൽ മാറ്റിയത്. രാജ്യത്തെ സാമ്പത്തിക നിരീക്ഷണ സംവിധാനങ്ങളുടെ കണ്ണുവെട്ടിക്കാൻ തുക ചെറിയ ഭാഗങ്ങളായി തിരിച്ച് ‘കുടുംബച്ചെലവ്’ എന്ന വ്യാജേനയാണ് വിദേശത്തേക്ക് പണം അയച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

കുവൈത്ത് ഇന്റർപോളിന്റെ നിരന്തരമായ ഇടപെടലിലൂടെയാണ് പ്രതിയെ കണ്ടെത്തിയത്. ഇന്റർപോൾ അബുദാബിയുടെയും ദുബായ് ക്രിമിനൽ സെക്യൂരിറ്റി ഓഫീസിന്റെയും കൃത്യമായ ഏകോപനത്തോടെയാണ് പ്രതിയെ പിടികൂടി കുവൈത്തിന് കൈമാറിയത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തുന്നവരെ പിടികൂടുന്നതിൽ യുഎഇ നൽകുന്ന മികച്ച പിന്തുണയെ കുവൈത്ത് അധികൃതർ പ്രശംസിച്ചു. സാമ്പത്തിക തട്ടിപ്പുകാർക്കും ക്രിമിനൽ സംഘങ്ങൾക്കുമെതിരെയുള്ള നടപടികൾ ശക്തമായി തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments