Wednesday, May 13, 2026
HomeIndiaഇന്ധന ഉപഭോഗം കുറയ്ക്കാൻ വീണ്ടും ‘വർക്ക് ഫ്രം ഹോം: മോദിയുടെ നിർദ്ദേശങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

ഇന്ധന ഉപഭോഗം കുറയ്ക്കാൻ വീണ്ടും ‘വർക്ക് ഫ്രം ഹോം: മോദിയുടെ നിർദ്ദേശങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി : യുഎസ്-ഇറാൻ യുദ്ധത്തെത്തുടർന്നുണ്ടായ ആഗോള പ്രതിസന്ധി മറികടക്കാൻ ജീവിതശൈലിയിൽ മാറ്റം വരുത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ ഈ ആഹ്വാനങ്ങൾ സർക്കാരിൻ്റെ പരാജയത്തിൻ്റെ തെളിവാണെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു.

ഹൈദരാബാദിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടന വേളയിലാണ് പ്രധാനമന്ത്രി ജനങ്ങളോട് ചില നിയന്ത്രണങ്ങൾ പാലിക്കാൻ അഭ്യർത്ഥിച്ചത്. ഇന്ധന ഉപഭോഗം കുറയ്ക്കാൻ വീണ്ടും ‘വർക്ക് ഫ്രം ഹോം’ രീതി സ്വീകരിക്കുക, മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുക, വളം, പാചക എണ്ണ എന്നിവയുടെ ഉപയോഗം കുറയ്ക്കുക, ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് മോദി മുന്നോട്ടുവെച്ചത്.

ഇതിനെതിരെ എക്സിലൂടെയാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്.“ഇതൊന്നും വെറും ഉപദേശങ്ങളല്ല, മറിച്ച് പരാജയത്തിൻ്റെ തെളിവുകളാണ്. 12 വർഷത്തെ ഭരണത്തിന് ശേഷം എന്ത് വാങ്ങണം, എവിടെ പോകണം എന്ന് ജനങ്ങളോട് പറയേണ്ട അവസ്ഥയിലേക്ക് അദ്ദേഹം രാജ്യത്തെ എത്തിച്ചിരിക്കുന്നു. ഓരോ തവണയും സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ അദ്ദേഹം അത് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണ്,” രാഹുൽ കുറിച്ചു. നരേന്ദ്ര മോദി ഒരു ‘അപകടത്തിലായ പ്രധാനമന്ത്രി’ ആണെന്നും രാജ്യം ഭരിക്കുക എന്നത് അദ്ദേഹത്തിന് സാധിക്കുന്ന കാര്യമല്ലെന്നും രാഹുൽ ഗാന്ധി ആഞ്ഞടിച്ചു.

രാജ്യത്തിൻ്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടുവെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലും വിമർശിച്ചു. ആഗോള പ്രതിസന്ധികളിൽ നിന്ന് സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാൻ മുൻകരുതലുകൾ എടുക്കുന്നതിന് പകരം സാധാരണക്കാരെ ദുരിതത്തിലാക്കുന്നത് അധാർമ്മികമാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യം ചർച്ച ചെയ്യാൻ അടിയന്തര പാർലമെൻ്റ് സമ്മേളനം വിളിക്കണമെന്ന് കാർത്തി ചിദംബരവും ആവശ്യപ്പെട്ടു.

യുദ്ധം ആഗോള ഊർജ്ജ വിതരണത്തെ ബാധിച്ച സാഹചര്യത്തിലാണ് ഇന്ധന ഉപഭോഗം കുറയ്ക്കാൻ കോവിഡ് കാലത്തിന് സമാനമായ നിയന്ത്രണങ്ങൾ മോദി നിർദ്ദേശിച്ചത്. “ആഗോള പ്രതിസന്ധിയുടെ ഈ ഘട്ടത്തിൽ, കർത്തവ്യങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് നാം ഒരു ദൃഢനിശ്ചയം എടുക്കേണ്ടതുണ്ട്. പെട്രോളും ഡീസലും മിതമായി ഉപയോഗിക്കുക എന്നതാണ് അതിൽ പ്രധാനം. ഇന്ധന ഉപയോഗത്തിൽ നാം നിയന്ത്രണം ഏർപ്പെടുത്തിയേ മതിയാകൂ,” പ്രധാനമന്ത്രി പറഞ്ഞു. നഗരങ്ങളിൽ മെട്രോ ട്രെയിനുകൾ ഉള്ളവർ യാത്രകൾക്കായി അത് മാത്രം ഉപയോഗിക്കണമെന്നും, കാർ ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ ‘കാർപൂളിംഗ്’ (യാത്രക്കാർ വാഹനം പങ്കിടുക) ശീലമാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഈ പ്രതിസന്ധി ഘട്ടത്തെ പൂർണ്ണ സമർപ്പണത്തോടെ നേരിടാൻ രാജ്യം തയ്യാറാകണമെന്നും പ്രധാനമന്ത്രി ഇന്നലെ അഭ്യർത്ഥിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments