Thursday, July 2, 2026
HomeNewsകടകംപള്ളി സുരേന്ദ്രൻ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ സ്കൂട്ടറിൽ വന്നത് വിവാദത്തിൽ

കടകംപള്ളി സുരേന്ദ്രൻ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ സ്കൂട്ടറിൽ വന്നത് വിവാദത്തിൽ

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരവെ ദേവസ്വം മുൻ മന്ത്രിയായ സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയത് ചർച്ചയായി. കരിക്കകത്തെ വീട്ടിൽ നിന്ന് സ്കൂട്ടർ ഓടിച്ചാണ് സുഹൃത്തിനൊപ്പം ഇന്നലെ രാവിലെ ഏഴരയോടെ അദ്ദേഹം വഴുതക്കാട്ടെ രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തിയത്. കൂടിക്കാഴ്ച 10 മിനിറ്റോളം നീണ്ടു.

സുഹൃത്തിന് ആഭ്യന്തരമന്ത്രിയെ കാണേണ്ട ആവശ്യമുണ്ടായിരുന്നതു കൊണ്ടാണ് ഒപ്പം വന്നതെന്നും ഏതാനും മിനിറ്റു നീണ്ട കൂടിക്കാഴ്ചയിൽ മറ്റു വിഷയങ്ങളൊന്നും സംസാരിച്ചില്ലെന്നും കടകംപള്ളി പറഞ്ഞു. ‘മന്ത്രി നിയമസഭയിലേക്കു പോകും മുൻപേ കാണാനാണു രാവിലെ എത്തിയത്. കാറിന്റെ ഡ്രൈവർ വൈകുമെന്നതുകൊണ്ടാണ് സ്കൂട്ടറിൽ പോയത്. സ്കൂട്ടറിൽ ഞാൻ സ്ഥിരമായി സഞ്ചരിക്കുന്നതാണ്’– അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മന്ത്രിയെ കണ്ടിറങ്ങിയ കടകംപള്ളി സുരേന്ദ്രൻ ഹെൽമറ്റ് വയ്ക്കാതെ സ്കൂട്ടർ ഓടിച്ചതു വിവാദമായി. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ് അമ്പലമുക്ക് രഞ്ജിത്ത് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് പരാതി നൽകി. എന്നാൽ, ഹെൽമറ്റ് വച്ചു തന്നെയാണ് മന്ത്രിയെ കാണാൻ പോയതെന്നും തിരിച്ചിറങ്ങിയപ്പോൾ സ്കൂട്ടറിന്റെ സീറ്റിനടിയിൽ സൂക്ഷിച്ചിരുന്ന ഹെൽമറ്റ് വയ്ക്കാൻ വിട്ടുപോയതാണെന്നും കടകംപള്ളി പറഞ്ഞു. പിഴയടയ്ക്കാൻ തയാറാണെന്നും അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments