Wednesday, May 13, 2026
HomeNewsഇളയ ദളപതി ഇനി തമിഴ്നാട് മുഖ്യൻ: സത്യപ്രതിജ്ഞ ചടങ്ങ് 10 ന്; രാഹുൽ ഗാന്ധിയും പങ്കെടുക്കുന്നു

ഇളയ ദളപതി ഇനി തമിഴ്നാട് മുഖ്യൻ: സത്യപ്രതിജ്ഞ ചടങ്ങ് 10 ന്; രാഹുൽ ഗാന്ധിയും പങ്കെടുക്കുന്നു

ചെന്നൈ : തമിഴകത്തിന്റെ ഇളയ ദളപതി ജോസഫ് സി. വിജയ് സെന്റ് ജോർജ് കോട്ടയുടെ അമരത്തേക്ക്. ഞായറാഴ്ച രാവിലെ 10ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഒപ്പം ഒമ്പത് മന്ത്രിമാരും ചുമതലയേൽക്കും.

ഒരേസമയം കേവല ഭൂരിപക്ഷം തികക്കാനും ഗവർണറിൽനിന്ന് മന്ത്രിസഭ രൂപവത്കരണ അനുമതി വാങ്ങാനും നടത്തിയ നാടകീയ ഓട്ടപ്പാച്ചിലുകൾക്കൊടുവിൽ വിജയ് മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നത്. കേവല ഭൂരിപക്ഷം തികക്കാൻ ആവശ്യമായ 117ഉം കഴിഞ്ഞ് 120 അംഗങ്ങളുടെ പിന്തുണ തമിഴക വെട്രി കഴകം (ടി.വി.കെ) നേടിയതോടെ, ഗത്യന്തരമില്ലാതെയെന്നോണമാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ വിജയിയെ മന്ത്രിസഭാ രൂപവത്കരണത്തിന് ക്ഷണിച്ചത്. 59 വർഷത്തിനുശേഷമാണ് തമിഴ്നാട്ടിൽ ദ്രാവിഡ കക്ഷിയുടെ നേതൃത്വത്തിലല്ലാത്ത ഒരു സർക്കാർ അധികാരമേറുന്നത്.

ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. ടി.വി.കെ നേതാക്കളായ കെ.എ. ശെേങ്കാട്ടയൻ, പുസി ആനന്ദ്, അരുൾ രാജ്, ആധവ് അർജുന, സി.ടി.ആർ നിർമൽകുമാർ, രാജ്മോഹൻ തുടങ്ങിയവർ മന്ത്രിയാവും. മന്ത്രിസഭയിൽ കോൺഗ്രസിനും പ്രാതിനിധ്യം ഉണ്ടാകും. 1967നുശേഷം ആദ്യമായാണ് കോൺഗ്രസ് തമിഴ്നാട്ടിൽ മന്ത്രിസഭയുടെ ഭാഗമാകുന്നത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും.

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ ഉടക്കിനിന്ന ശനിയാഴ്ചയും ലോക്ഭവൻ നാടകീയ രംഗങ്ങൾക്കാണ് സാക്ഷ്യംവഹിച്ചത്. വൈകീട്ട് അഞ്ചു മണിക്കുശേഷം വിജയ് ലോക്ഭവനിലേക്ക് പുറപ്പെട്ടുവെങ്കിലും പാതിവഴിയിൽ മടങ്ങി. ഗവർണർ ഏഴുമണിയോടെ കേരളത്തിലേക്ക് തിരിക്കുമെന്ന് പറഞ്ഞാണ് കൂടിക്കാഴ്ച റദ്ദാക്കിയത്. എന്നാൽ, സർക്കാർ രൂപവത്കരണമെന്ന സുപ്രധാന വിഷയം നിലനിൽക്കെ വിജയിക്ക് സമയം അനുവദിക്കാത്ത ഗവർണറുടെ നിലപാടിനെതിരെ വ്യാപക പ്രതിഷേധമുയർന്നു.

ഇതേതുടർന്ന് വൈകീട്ട് ആറരക്ക് ഗവർണർ കൂടിക്കാഴ്ചക്ക് സമയം അനുവദിക്കുകയായിരുന്നു. ടി.വി.കെ നേതാക്കളും പിന്തുണ നൽകുന്ന രാഷ്ട്രീയകക്ഷികളുടെ നേതാക്കളും ഇത്തവണ വിജയ്ക്കൊപ്പം ലോക്ഭവനിലെത്തി. കൂടിക്കാഴ്ച ഒന്നര മണിക്കൂർ നീണ്ടുനിന്നു. തുടർച്ചയായി നാല് ദിവസമാണ് വിജയ് ഗവർണറെ സന്ദർശിച്ചത്.ഡി.എം.കെ മുന്നണിയിലെ കക്ഷികളായ, രണ്ടംഗങ്ങൾ വീതമുള്ള വി.സി.കെയുടെയും മുസ്‍ലിംലീഗിന്റെയും പിന്തുണക്കാര്യത്തിൽ അനിശ്ചിതത്വം ഉടലെടുത്തതോടെയാണ് ടി.വി.കെയുടെ കൈയിൽനിന്ന് കാര്യങ്ങൾ കൈവിട്ടുപോകുമെന്ന അവസ്ഥയിലെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments