ഷിക്കാഗോ: ഷിക്കാഗോ നഗരത്തിൽ ഈ വർഷം പകർച്ചപ്പനി സീസൺ പ്രതീക്ഷിച്ചതിലും നേരത്തെ ആരംഭിച്ച സാഹചര്യത്തിൽ, ജനങ്ങൾ എത്രയും വേഗം ഫ്ലൂ വാക്സിൻ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതരും ഡോക്ടർമാരും കർശന നിർദ്ദേശം നൽകി. ഒക്ടോബർ മാസത്തിൽ തന്നെ പനി വ്യാപകമാകുന്നത് അസാധാരണമാണെന്ന് ലയോള യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ പീഡിയാട്രിക് ഇൻഫെക്ഷ്യസ് ഡിസീസ് സ്പെഷ്യലിസ്റ്റ് ഡോ. നാദിയ ഖുറേഷി പറഞ്ഞു.
പനിക്ക് കാരണമായ വൈറസ് വകഭേദം H1N1-ൽ ഉണ്ടായ ജനിതകമാറ്റമാണ് ഈ വർഷം രോഗം നേരത്തെ പടരാൻ കാരണം. നിലവിലെ വാക്സിൻ ഈ പുതിയ വകഭേദത്തിന് എതിരെ നൂറ് ശതമാനം ഫലപ്രദമല്ലെങ്കിൽ പോലും, രോഗതീവ്രത കുറയ്ക്കാനും ആശുപത്രിവാസവും മരണവും ഒഴിവാക്കാനും വാക്സിനേഷൻ സഹായിക്കുമെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഒക്ടോബറിൽ രോഗബാധിതരുടെ എണ്ണം കൂടുതലാണെന്ന് ഷിക്കാഗോ പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് മെഡിക്കൽ ഡയറക്ടർ ഡോ. അലക്സ് സ്ലൊബോഡ അറിയിച്ചു. നഗരത്തിലെ വിവിധ സി.ഡി.പി.എച്ച് ക്ലിനിക്കുകൾ വഴി ഇൻഷുറൻസ് ഇല്ലാത്തവർക്കും സൗജന്യമായി ഫ്ലൂ, കോവിഡ് വാക്സിനുകൾ വിതരണം ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്. രോഗവ്യാപനം വരും ദിവസങ്ങളിൽ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ഒട്ടും വൈകാതെ വാക്സിൻ എടുക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
കൂടാതെ, ഷിക്കാഗോയിൽ അഞ്ചാംപനി പ്രതിരോധ കുത്തിവെപ്പുകളും അധികൃതർ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഒക്ടോബർ 15-ന് ഒഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അഞ്ചാംപനി ബാധിച്ച ഒരാൾ എത്തിയ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് നഗരത്തിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ്.

