Tuesday, April 21, 2026
HomeAmericaഅമേരിക്കൻ വിമാനക്കമ്പനിയായ സ്പിരിറ്റ് എയർലൈൻസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

അമേരിക്കൻ വിമാനക്കമ്പനിയായ സ്പിരിറ്റ് എയർലൈൻസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

ന്യൂയോർക്ക് : കുറഞ്ഞ നിരക്കിൽ വിമാന സർവീസ് നടത്തുന്ന അമേരിക്കൻ വിമാനക്കമ്പനിയായ സ്പിരിറ്റ് എയർലൈൻസ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ടുകൾ. കമ്പനി പാപ്പരത്തത്തിലേക്ക് നീങ്ങുകയാണെന്നും വരും ദിവസങ്ങളിൽ പ്രവർത്തനം നിർത്തിയേക്കുമെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ഇന്ധനവില വർധനവും കടബാധ്യതകളുമാണ് കമ്പനിയെ തളർത്തിയത്. കമ്പനി ലിക്വിഡേഷനിലേക്ക് നീങ്ങിയാൽ ഒരു സുപ്രഭാതത്തിൽ സർവീസുകൾ പൂർണ്ണമായും നിലയ്ക്കാം. ഇത് ആയിരക്കണക്കിന് യാത്രക്കാരെ പെരുവഴിയിലാക്കും.

ഏകദേശം 7.4 ബില്യൺ ഡോളറിൻ്റെ കടബാധ്യതയാണ് കമ്പനിക്കുള്ളത്. ഇത് 2 ബില്യൺ ഡോളറായി കുറച്ച് 2026-ഓടെ വിപണിയിൽ തിരിച്ചെത്താനായിരുന്നു കമ്പനിയുടെ പദ്ധതിയെങ്കിലും നിലവിലെ സാഹചര്യം മോശമാണ്. ഒരു വിമാനക്കമ്പനി പെട്ടെന്ന് പൂട്ടിപ്പോകുന്നത് അപൂർവമാണെങ്കിലും, സ്പിരിറ്റ് എയർലൈൻസിൻ്റെ കാര്യത്തിൽ മറ്റ് പോംവഴികൾ ഇല്ലാത്ത അവസ്ഥയാണെന്ന് വ്യോമയാന വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

വസന്തകാലത്തോടെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുമെന്ന് കമ്പനി പ്രതീക്ഷിച്ചിരുന്നെങ്കിലും, കാര്യങ്ങൾ വിപരീതമായാണ് സംഭവിക്കുന്നത്. ആറ് മാസത്തിനുള്ളിലെ രണ്ടാമത്തെ പാപ്പരത്ത ഫയലിംഗ് കമ്പനിയുടെ തകർച്ചയുടെ ആഴം വ്യക്തമാക്കുന്നു. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്ന് വിമാന ഇന്ധനത്തിൻ്റെ വില കുത്തനെ ഉയർന്നത് സ്പിരിറ്റിന് തിരിച്ചടിയായി. ലാഭത്തിലേക്ക് മടങ്ങാനുള്ള കമ്പനിയുടെ പ്ലാനുകൾ ഇതോടെ തകിടം മറിഞ്ഞു.

“സ്പിരിറ്റ് എയർലൈൻസിൻ്റെ സമയം അവസാനിച്ചിരിക്കുന്നു” എന്നാണ് വ്യോമയാന വിദഗ്ധനായ മുത്സബാഗ് അഭിപ്രായപ്പെടുന്നത്. ഇന്ധനവില 40% വരെ ഉയർന്നതോടെ കമ്പനിയുടെ പക്കലുള്ള പണം വേഗത്തിൽ തീരുകയാണ്. ഇന്ധനവില ഈ നിലയിൽ തുടരുകയാണെങ്കിൽ സ്പിരിറ്റിന് പുറമെ മറ്റ് ചെറിയ വിമാനക്കമ്പനികളും സമാനമായ പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ പല കമ്പനികളും ടിക്കറ്റ് നിരക്കും ബാഗേജ് ചാർജും വർദ്ധിപ്പിച്ചാണ് ഈ പ്രതിസന്ധിയെ നേരിടുന്നത്.വിപണിയിലെ അഭ്യൂഹങ്ങളോട് പ്രതികരിക്കാനില്ലെന്നാണ് സ്പിരിറ്റ് എയർലൈൻസ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഈ വാർത്ത വലിയൊരു ‘തിരിച്ചടി’ തന്നെയാണ്. നിലവിൽ ടിക്കറ്റ് ബുക്ക് ചെയ്തവർ വിമാനക്കമ്പനിയുടെ അടുത്ത നീക്കങ്ങൾക്കായി കാത്തിരിക്കുകയാണ്.

സ്പിരിറ്റ് എയർലൈൻസ് പ്രവർത്തനം നിർത്തുകയും ആസ്തികൾ വിറ്റഴിക്കുകയും ചെയ്താൽ എന്ത് സംഭവിക്കും? സ്പിരിറ്റിന്റെ പക്കലുള്ള വിമാനങ്ങൾ വിപണിയിൽ ലേലത്തിന് വെക്കും. ഏറ്റവും ഉയർന്ന തുക നൽകുന്നവർക്ക് കോടതി ഇത് കൈമാറും. ആ പണം കടം നൽകിയവർക്ക് തിരിച്ചുനൽകാൻ ഉപയോഗിക്കും. എയർബസ് വിമാനങ്ങൾ ഉപയോഗിക്കുന്ന മറ്റ് വിമാനക്കമ്പനികൾ ഈ വിമാനങ്ങൾ വാങ്ങാൻ താൽപ്പര്യം കാണിച്ചേക്കാം. ഫോർട്ട് ലോഡർഡെയ്‌ലിലെ സ്പിരിറ്റിന്റെ ഗേറ്റുകൾക്ക് വലിയ മൂല്യമുണ്ട്. സ്പിരിറ്റ് പ്രവർത്തനം നിർത്തിയാൽ മറ്റ് കമ്പനികൾ ഈ ഗേറ്റുകൾ സ്വന്തമാക്കാൻ മത്സരിക്കും.

നിങ്ങളുടെ ടിക്കറ്റുകളുടെയും യാത്രയുടെയും അവസ്ഥ എന്താകും? കമ്പനി ലിക്വിഡേഷനിലേക്ക് പോയാൽ ഭാവിയിലുള്ള യാത്രകൾ നടക്കാൻ സാധ്യതയില്ല.അതിനാൽത്തന്നെ ടിക്കറ്റ് എടുത്തവർ സ്വന്തമായി ടിക്കറ്റ് ക്യാൻസൽ ചെയ്യരുത്. നിങ്ങൾ തന്നെ ക്യാൻസൽ ചെയ്താൽ റീഫണ്ട് ലഭിക്കാനുള്ള അവകാശം നഷ്ടപ്പെട്ടേക്കാം. ക്രെഡിറ്റ് കാർഡ് വഴി ടിക്കറ്റ് എടുത്തവർക്കാണ് പണം തിരികെ കിട്ടാൻ കൂടുതൽ സാധ്യതയുണ്ട് . സേവനം ലഭിച്ചില്ലെങ്കിൽ പണം തിരികെ നൽകുന്ന സൗകര്യം മിക്ക ക്രെഡിറ്റ് കാർഡുകളിലും ഉണ്ട്. ഇൻഷുറൻസ് ഉള്ളവർക്ക് പണം ലഭിക്കുമോ എന്നത് ആ പോളിസിയുടെ നിബന്ധനകളെ ആശ്രയിച്ചിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments