ദുബായ് : ഡിസ്കവറി ഗാർഡൻസിലെ താമസക്കാർക്ക് ആശ്വാസമായി കുറഞ്ഞ നിരക്കിലുള്ള പാർക്കിങ് സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകൾ ഏപ്രിൽ 15 മുതൽ പ്രാബല്യത്തിൽ വരുമെന്ന് പാർക്കോണിക് അറിയിച്ചു. കമ്യൂണിറ്റിയിൽ നിന്നുള്ള അഭിപ്രായങ്ങളും ബന്ധപ്പെട്ട അധികൃതരുടെ നിർദേശങ്ങളും കണക്കിലെടുത്താണ് നിരക്കിൽ മാറ്റം വരുത്തിയത്.
പുതുക്കിയ പ്ലാനുകൾ അനുസരിച്ച് വിവിധ കാലയളവുകളിലെ നിരക്ക് വ്യത്യസ്തമാണ്. പ്രതിമാസം: 672 ദിർഹം, മൂന്ന് മാസം: 1,999 ദിർഹം, ആറ് മാസം: 3,999 ദിർഹം, വാർഷികം: 4,999 ദിർഹം എന്നിങ്ങനെയാണ് നിരക്കുകൾ. നേരത്തെ പ്രതിമാസ വരിസംഖ്യ 945 ദിർഹവും മൂന്ന് മാസത്തേക്ക് 2,625 ദിർഹവുമായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിലാണ് ഇപ്പോൾ വലിയ ഇളവ് നൽകിയിരിക്കുന്നത്.
താമസക്കാർക്ക് അവരുടെ സൗജന്യ പാർക്കിങ് പെർമിറ്റുകൾ പാർക്കോണിക് ടെനന്റ് റജിസ്ട്രേഷൻ പോർട്ടൽ വഴി ആക്റ്റിവേറ്റ് ചെയ്യാം. വരിസംഖ്യ അടച്ചുള്ള പാർക്കിങ് സൗകര്യം പാർക്കോണിക് വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ലഭ്യമാകും. പാർക്കിങ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന് മുൻപായി പെർമിറ്റുകൾ ഉറപ്പാക്കാൻ ഡെവലപ്പറായ നഖീൽ താമസക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ടൈറ്റിൽ ഡീഡ്, ഇജാരി, ലീസ് അഗ്രിമെന്റ് എന്നിവ സമർപ്പിക്കണം. രേഖകൾ പരിശോധിച്ച ശേഷമായിരിക്കും അനുമതി നൽകുക. വാഹനം റജിസ്റ്റർ ചെയ്ത ശേഷം ഇമെയിൽ വഴി ലഭിക്കുന്ന പിൻ ഉപയോഗിച്ച് പാർക്കോണിക് പ്ലസ് ആപ്പിലൂടെ പാർക്കിങ് സൗകര്യം ആക്ടിവേറ്റ് ചെയ്യേണ്ടതുണ്ട്.

