Tuesday, March 10, 2026
HomeAmericaമുജ്തബ ഖാംനഈക്ക് സമാധാനത്തോടെ ജീവിക്കാനാകില്ലെന്ന ഭീഷണിയുമായി ട്രംപ്

മുജ്തബ ഖാംനഈക്ക് സമാധാനത്തോടെ ജീവിക്കാനാകില്ലെന്ന ഭീഷണിയുമായി ട്രംപ്

വാഷിങ്ടൺ : ഇറാന്‍റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഈക്ക് സമാധാനത്തോടെ ജീവിക്കാനാകില്ലെന്ന ഭീഷണിയുമായി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ആയത്തുല്ല അലി ഖാംനഈയുടെ പിൻഗാമിയായി അദ്ദേഹത്തിന്‍റെ രണ്ടാമത്തെ മകൻ മുജ്തബയെ തെരഞ്ഞെടുത്തതിൽ ട്രംപ് അതൃപ്തി രേഖപ്പെടുത്തി.‘ഇറാന്റെ നേതൃ തെരഞ്ഞെടുപ്പിൽ അസന്തുഷ്ടനാണ്. അദ്ദേഹത്തിന് സമാധാനത്തോടെ ജീവിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നില്ല’ -ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. വെനിസ്വേലയിൽ യു.എസ് ഇടപെട്ടതുപോലെ, ഇറാന്റെ അടുത്ത പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതിലും തനിക്ക് പങ്കാളിയാകേണ്ടതുണ്ടെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. മുജ്തബ സ്വീകാര്യനല്ലെന്നും ഇറാനിൽ സമാധാനവും ഐക്യവും കൊണ്ടുവരുന്ന ഒരാളെയാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു.

ആയത്തുല്ല അലി ഖാംനഈയുടെ പിൻഗാമിയായി മകൻ മുജ്തബ ഖാംനഈ തെരഞ്ഞെടുക്കപ്പെടുമെന്ന് ഏറക്കുറെ ഉറപ്പായിരുന്നു. പിൻഗാമിയെ തെരഞ്ഞെടുത്തെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ തന്നെ, തങ്ങളുടെ അനുമതിയോ താൽപര്യമോ പരിഗണിക്കാതെയാണ് ഇറാൻ പുതിയ നേതാവിനെ തെരഞ്ഞെടുത്തതെന്നും അധികനാൾ വാഴിക്കില്ലെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇറാനിലെ ഭരണസംവിധാനം തന്നെ ഇല്ലാതാക്കുമെന്നും ആവശ്യമെങ്കിൽ കരസേനയെ അയക്കുമെന്നുവരെ ട്രംപ് മുന്നറിയിപ്പ് നൽകി.

അതേസമയം, ഒരുഭാഗത്ത് വെടിനിർത്തലിനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. സംഘർഷം ഒരാഴ്ച പിന്നിട്ടപ്പോൾ ആഗോള എണ്ണ വിപണിയിലുണ്ടായ പ്രതിസന്ധി അടക്കമുള്ള തിരിച്ചടികളെ തുടർന്നാണ് വെടിനിർത്തൽ ചർച്ചകൾക്കുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ഡോണൾട് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിനുമായി ടെലിഫോണിൽ സംസാരിച്ചു. വെടിനിർത്തൽ ചർച്ചക്കായി ചൈന, റഷ്യ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും ഇറാനെ സമീപിച്ചിട്ടുണ്ട്. ഇറാനും തുർക്കിയയും ചർച്ച നടത്തി. ഇതിനിടയിലും അമേരിക്കയും ഇസ്രായേലും ഇറാനിൽ ശക്തമായ ആക്രമണം തുടരുകയാണ്. ഇതിനകം ഇറാനിൽ മരണം 1400 കവിഞ്ഞതായാണ് അനൗദ്യോഗിക റിപ്പോർട്ട്. തിങ്കളാഴ്ച, തെഹ്റാനിലെ കെട്ടിടത്തിനുനേരെയുണ്ടായ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു.

ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഈക്ക് പരിക്കേറ്റതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ലബനാനിലും ഇസ്രായേൽ ആക്രമണം തുടരുകയാണ്. തിങ്കളാഴ്ച മാത്രം ലക്ഷം പേരാണ് പലായനം ചെയ്തത്. ഇതോടെ, പലായനം ചെയ്തവരുടെ എണ്ണം 6.67 ലക്ഷമായി. ഇറാന്റെ തിരിച്ചടിയും തുടരുകയാണ്. ഇസ്രായേൽ തലസ്ഥാനമായ തെൽ അവീവിൽ കനത്ത നാശം വിതക്കാൻ ഇറാൻ ഡ്രോണുകൾക്കായി. ഗൾഫ് രാജ്യങ്ങളിലും ഇറാന്റെ പ്രത്യാക്രമണമുണ്ടായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments