മോസ്കോ : റഷ്യൻ തലസ്ഥാനമായ മോസ്കോയെ ലക്ഷ്യമിട്ട് ഡ്രോണാക്രമണം. നഗരത്തിലെ വിമാനത്താവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ തുടർന്ന് മോസ്കോയിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതായി റഷ്യൻ വ്യോമയാന ഏജൻസി അറിയിച്ചു. രണ്ട് മണിക്കൂർ നേരം വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു. ഇതിന് ശേഷം വിമാനത്താവളങ്ങളുടെ പ്രവർത്തനം പുനഃരാരംഭിച്ചുവെന്ന് റഷ്യ അറിയിച്ചു
ഏഴ് ഡ്രോണുകൾ വെടിവെച്ചിട്ടതായി മോസ്കോ മേയർ സെർജി സൊബയാനിൻ പറഞ്ഞു. ആക്രമണങ്ങളിൽ ആൾനാശമുണ്ടായതായോ മറ്റ് നഷ്ടങ്ങളുണ്ടായതായോ റിപ്പോർട്ടുകളില്ല. ഷെറെമെത്യേവോ, ഡൊമോഡെഡോവോ, വുക്കോവോ, സുക്കോവ്സ്കി എന്ന നാല് വിമാനത്താവളങ്ങളിലും ആക്രമണം മൂലം സർവീസ് തടസ്സമുണ്ടായി.
അതിനിടെ, യു.എസ് മധ്യസ്ഥതയോടെ സമാധാന ചർച്ചകൾ തുടരുമ്പോഴും റഷ്യയോട് പോരാടാനും നഷ്ടപ്പെട്ട പ്രദേശങ്ങൾ തിരിച്ചുപിടിക്കാനുമുള്ള മൂന്ന് വർഷത്തെ പദ്ധതി യുക്രൈൻ പ്രസിഡന്റ് വോളോദിമർ സെലെൻസ്കി അവതരിപ്പിച്ചതായി റിപ്പോർട്ടുണ്ട്.
ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറ്റലി, പോളണ്ട് എന്നീ രാജ്യങ്ങളുടെ ‘സന്നദ്ധ സഖ്യം’ യുക്രെയ്നിനുള്ള പിന്തുണ തുടരുകയാണ്. ഈ സഖ്യം റഷ്യയുടെ തന്ത്രപരമായ പരാജയം ആഗ്രഹിക്കുന്നതിനാൽ സമാധാന കരാറിനെക്കുറിച്ചുള്ള പ്രതീക്ഷകൾ മങ്ങിയിയിരിക്കുകയാണ്.

