ശിവഗിരി: മലപ്പുറത്ത് തങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നില്ലെന്ന പരാമർശം ആവർത്തിച്ച എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശൻ, ഇത് ചോദ്യം ചെയ്ത മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി. ചാനൽ മൈക്ക് ബലംപ്രയോഗിച്ച് തള്ളിനീക്കി. ഇന്ന് ഉച്ചയോടെ ശിവഗിരിയിൽനിന്ന് മടങ്ങവേ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് നാടകീയ സംഭവങ്ങൾ.
മലപ്പുറം വിരുദ്ധ പരാമർശങ്ങളെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ‘മലപ്പുറത്ത് സ്കൂൾ തുടങ്ങാൻ സമ്മതിക്കുന്നില്ല എന്നത് സത്യമല്ലേ? മലബാറിൽ മലപ്പുറം, കാസർകോട്, വയനാട് ജില്ലകളിൽ ഒറ്റ വിദ്യാഭ്യാസ സ്ഥാപനം ഞങ്ങൾക്കില്ല. ഈ ദുഃഖം ഞാനൊന്ന് പറഞ്ഞുപോയി’ എന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു. തുടർന്ന്, ഇക്കഴിഞ്ഞ ഒമ്പത് വർഷം പിണറായി വിജയൻ സർക്കാർ അനുവാദം തന്നില്ലേ എന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോഴായിരുന്നു വെള്ളാപ്പള്ളി പ്രകോപിതനായത്.

