ബീജിങ്: ഇന്ത്യ- പാക് സംഘർഷത്തിൽ മധ്യസ്ഥതാവകാശവാദവുമായി ചൈന. ഇരു രാജ്യങ്ങൾക്കുമിടയിലെ സംഘർഷത്തിൽ ചൈന മധ്യസ്ഥത വഹിച്ചുവെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി അവകാശപ്പെട്ടു. ചൊവ്വാഴ്ച ബീജിങ്ങിൽ വെച്ച് നടന്ന രാജ്യാന്തര പരിപാടിയിൽ വെച്ചാണ് ചൈനീസ് വിദേശകാര്യമന്ത്രിയുടെ അവകാശവാദം.
ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ താൻ മുൻകൈയെടുത്തുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നിരന്തരം വാദം ഉന്നയിക്കുന്നുണ്ട്. എന്നാൽ ഇതിനെ ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു. ഇന്ത്യ – പാക് സംഘർഷത്തിൽ മൂന്നാംകക്ഷി ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് ഇന്ത്യ ആവർത്തിച്ചിരുന്നു. ഇതിനിടെയാണ് ഇപ്പോൾ ചൈനയുടെ രംഗപ്രവേശം.
“ലോകത്താകമാനം സംഘർഷങ്ങളും അസ്ഥിരതയും വർധിച്ചു വരികയാണ്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം പ്രാദേശിക യുദ്ധങ്ങളും അതിർത്തി തർക്കങ്ങളും ഏറ്റവും കൂടുതൽ ഉണ്ടായ വർഷമാണിത്. രാജ്യാന്തര സംഘർഷങ്ങൾ പരിഹരിക്കാൻ ചൈന വസ്തുനിഷ്ഠവും നീതിയുക്തവുമായ നിലപാടാണ് സ്വീകരിച്ചത്”- വാങ് യി പറഞ്ഞു.
ഇന്ത്യ-പാക് സംഘർഷം ഉൾപ്പെടെ നിരവധി രാജ്യങ്ങൾ തമ്മിലുള്ള പ്രതിസന്ധിയിൽ ചൈന മധ്യസ്ഥത വഹിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. സമാധാനം കെട്ടിപ്പടുക്കാൻ ചൈന ശ്രദ്ധകേന്ദ്രീകരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“സമാധാനം കെട്ടിപ്പടുക്കുന്നതിനായി പ്രശ്നങ്ങളുടെ ലക്ഷണങ്ങളിലും മൂലകാരണങ്ങളിലും ശ്രദ്ധകേന്ദ്രീകരിച്ചാണ് ചൈന പ്രവർത്തിച്ചത്. ഈ സമീപനത്തിലൂടെ വടക്കൻ മ്യാന്മർ, ഇറാൻ ആണവപ്രശ്നം, ഇന്ത്യ-പാക് സംഘർഷം, പലസ്തീൻ- ഇസ്രയേൽ വിഷയം, കംബോഡിയ-തായ്ലാൻഡ് സംഘർഷം എന്നിവയിലും ചൈന മധ്യസ്ഥത വഹിച്ചു”- വാങ് യി അവകാശപ്പെട്ടു.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താനിലെ ഭീകര കേന്ദ്രങ്ങൾക്ക് കനത്ത പ്രഹരമേൽപ്പിച്ചിരുന്നു. ഇരു രാജ്യങ്ങൾക്കുമിടയിൽ സംഘർഷാവസ്ഥയുടലെടുത്തിരുന്നു. നാല് ദിവസത്തിന് ശേഷം ഇരു രാജ്യങ്ങളിലേയും സൈനികർ തമ്മിൽ നടത്തിയ ആശയവിനിമയത്തിലൂടെ പരിഹരിച്ചതായാണ് ഇന്ത്യ വ്യക്തമാക്കുന്നത്. മൂന്നാം കക്ഷി ഇടപെടൽ വിദേശകാര്യമന്ത്രാലയം പരസ്യമായിത്തന്നെ തള്ളിയിരുന്നു. എന്നാൽ താനാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ സംഘർഷമവസാനിപ്പിച്ചതെന്ന് അവകാശപ്പെട്ട് ട്രംപ് നിരന്തരം രംഗത്തെത്തിയിരുന്നു. ഇത് രാജ്യത്ത് പ്രതിപക്ഷമടക്കം കേന്ദ്രത്തിനെതിരേ രാഷ്ട്രീയായുധമാക്കിയിരുന്നു. ഇതിനിടെയാണ് ഇപ്പോൾ ചൈനയും രംഗത്തെത്തുന്നത്.

