ഘടികാരങ്ങളിൽ 12 മണി അടിച്ചതോടെ പസഫിക് ദ്വീപ് രാഷ്ട്രമായ കിരിബാതിയിൽ പുതുവർഷം പിറന്നു. അതോടെ ലോകത്ത് ആദ്യമായി പുതുവർഷത്തെ വരവേൽക്കുന്ന രാജ്യമായി മാറി കിരിബാതി. 2026ലേക്ക് ചുവടുവെക്കാൻ ലോകം ഒരുങ്ങി നിൽക്കവെയാണ് കിരിബാതി ദ്വീപ് പുതുവർഷം ആഘോഷിച്ചത്. ഇന്ത്യൻ സമയം വൈകീട്ട് 3.30ഓടെയാണ് ഇവിടെ പുതുവർഷം പിറന്നത്. ഇന്ത്യയേക്കാൾ എട്ടര മണിക്കൂ മുമ്പേ അവർ പുതുവർഷം വരവേറ്റു എന്നർഥം.
കിരിബാതി കഴിഞ്ഞാൽ ന്യൂസിലാൻഡ് ആണ് പുതുവർഷത്തെ സ്വാഗതം ചെയ്യുക. ഇന്ത്യൻ സമയം നാലരയോടെയാണ് ന്യൂസിലൻഡിൽ പുതുവർഷം എത്തുക. അതുകഴിഞ്ഞ് ആസ്ട്രേലിയയുടെ കിഴക്കൻ തീരവും ഉത്തരകൊറിയ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളും പുതുവർഷത്തെ വരവേൽക്കും.ലോകxത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത സമയങ്ങളിലാണ് പുതുവർഷം ആഘോഷിക്കുന്നത്. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രങ്ങളാണ് ലോകത്ത് ആദ്യം പുതുവർഷത്തെ വരവേൽക്കുന്നത്. ഇക്കുറിയും ആ പതിവ് തെറ്റിയില്ല. പസഫിക് ദ്വീപ് രാഷ്ട്രമായ കിരിബാതി തന്നെ ആദ്യം പുതുവത്സരം ആഘോഷിച്ചു. 1995 ൽ കിരിബാതി സർക്കാർ അന്താരാഷ്ട്ര ദിനാങ്ക രേഖയിൽ വരുത്തിയ മാറ്റമാണ് ഈ രാജ്യത്തെ ലോകത്തെ ആദ്യ പുതുവർഷാഘോഷ കേന്ദ്രമാക്കി മാറ്റിയത്.
1.2 ലക്ഷമാണ് കിരിബാത്തിയിലെ ജനസംഖ്യ. ഗിൽബർട്ടീസും ഇംഗ്ലീഷുമാണ് ഇവിടത്തെ ഔദ്യോഗിക ഭാഷകൾ. കിരിബാതിയിൽ പുതുവർഷം പിറക്കുമ്പോൾ, സമോവ, ടോംഗ, ടോകെലാവു എന്നിവിടങ്ങളിൽ രാത്രി 11 മണിയായിട്ടേ ഉണ്ടാകൂ. ന്യൂസിലൻഡിൽ രാത്രി 10:45 ആയിട്ടുണ്ടാകും. ഫിജി, റഷ്യയുടെ ചില ഭാഗങ്ങൾ, തുവാലു എന്നിവിടങ്ങളിൽ പുതുവർഷമെത്താൻ രണ്ട് മണിക്കൂർ കൂടി ബാക്കിയുണ്ടാകും. അവിടെ ഏതാണ്ട് രാത്രി 10 മണിയായിയാകും. ആസ്‌ട്രേലിയയുടെ ചില ഭാഗങ്ങളിൽ ആ സമയത്ത് രാത്രി 9.30 ആയിരിക്കും. സമോവ, ബേക്കർ ഐലൻഡ്, ഹൗലാൻഡ് എന്നിവിടങ്ങളിലാണ് ഏറ്റവും അവസാനം പുതുവർഷം എത്തുക.

