ന്യൂഡൽഹി : ഇന്ത്യക്ക് മിസൈലുകൾ ഉൾപ്പെടെ 92.8 മില്യൺ ഡോളറിന്റെ ഉപകരണങ്ങൾ വിൽക്കാൻ യുഎസ്. ജാവലിൻ മിസൈൽ സിസ്റ്റം, എക്‌സ്‌കാലിബർ പ്രൊജക്‌ടൈലുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ വിൽപ്പനയ്ക്കാണ് അമേരിക്ക അംഗീകാരം നൽകിയിരിക്കുന്നത്. ആവശ്യമായ സർട്ടിഫിക്കേഷനുകൾ നൽകിയതായി പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസി (DSCA) കോൺഗ്രസിനെ അറിയിച്ചു. യുഎസ്-ഇന്ത്യ തന്ത്രപരമായ പങ്കാളിത്ത ബന്ധം ശക്തിപ്പെടുത്താൻ സഹായിക്കുന്ന നീക്കമാണിതെന്നും ഇതിലൂടെ, അമേരിക്കയുടെ വിദേശനയത്തെയും ദേശീയ സുരക്ഷാ ലക്ഷ്യങ്ങളെയും പിന്തുണയ്ക്കുമെന്നും ഏജൻസി പറഞ്ഞു.
ഇന്ത്യയ്‌ക്കുള്ള 45.7 മില്യൺ ഡോളറിന്റെ ആദ്യ വിൽപ്പന പാക്കേജിൽ ജാവലിൻ FGM-148 മിസൈൽ, ഫ്ലൈ-ടു-ബൈ; 25 ജാവലിൻ ലൈറ്റ്‌വെയ്റ്റ് കമാൻഡ് ലോഞ്ച് യൂണിറ്റുകൾ (LwCLU), ജാവലിൻ ബ്ലോക്ക് 1 കമാൻഡ് ലോഞ്ച് യൂണിറ്റുകൾ (CLU) എന്നിവ ഉൾപ്പെടുന്നുവെന്ന് യുഎസ് പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസി ഒരു പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, പാക്കേജിൽ പ്രധാനമല്ലാത്ത പ്രതിരോധ ഉപകരണങ്ങളും ഉൾപ്പെടുന്നു.
“ഇന്തോ-പസഫിക്, ദക്ഷിണേഷ്യ മേഖലകളിലെ രാഷ്ട്രീയ സ്ഥിരത, സമാധാനം, സാമ്പത്തിക പുരോഗതി എന്നിവയ്ക്കുള്ള ഒരു പ്രധാന ശക്തിയായി തുടരുന്ന ഒരു പ്രധാന പ്രതിരോധ പങ്കാളിയാണ് ഇന്ത്യയെന്നും ഇന്ത്യയുടെ സുരക്ഷ ഈ വിൽപ്പനയിലൂടെ മെച്ചപ്പെടുത്തുമെന്നും യുഎസ് വ്യക്തമാക്കി.

