Monday, December 8, 2025
HomeBreakingNewsശബരിമല സ്വർണക്കൊള്ള: എ. പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

ശബരിമല സ്വർണക്കൊള്ള: എ. പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം (എസ്‌.ഐ.ടി) ചോദ്യംചെയ്യുന്നു. വ്യാഴാഴ്ച രാവിലെയാണ് പത്മകുമാര്‍ എസ്‌.ഐ.ടിക്ക് മുന്നില്‍ ചോദ്യംചെയ്യലിനായി ഹാജരായത്. തലസ്ഥാനത്തെ രഹസ്യകേന്ദ്രത്തിൽ മണിക്കൂറുകൾ പിന്നിട്ടും ചോദ്യം ചെയ്യൽ തുടരുകയാണ്. പിന്നാലെ പത്മകുമാറിനെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നേരത്തേ അറസ്റ്റിലായവരുടെ മൊഴികളെല്ലാം പത്മകുമാറിനെതിരാണെന്നാണ് സൂചന. മുരാരി ബാബു മുതല്‍ എന്‍. വാസു വരെയുള്ള പ്രതികള്‍ പത്മകുമാറിനെതിരെ മൊഴി നല്‍കിയതായും വിവരമുണ്ട്. പത്മകുമാര്‍ പറഞ്ഞിട്ടാണ് സ്വര്‍ണം ചെമ്പാക്കി ഉത്തരവിറക്കിയതെന്നാണ് ഇവരുടെ മൊഴികളിലുള്ളതെന്നും സൂചനയുണ്ട്. പത്മകുമാറിന്റെ സാമ്പത്തിക സ്രോതസ്സുകളടക്കം എസ്.ഐ.ടി വിശദമായി അന്വേഷിച്ചുവരികയാണ്.

സ്വര്‍ണക്കൊള്ള കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാനായി എ. പത്മകുമാറിന് നേരത്തേ രണ്ടുതവണ എസ്.ഐ.ടി നോട്ടീസ് നല്‍കിയിരുന്നു. എന്‍. വാസു അറസ്റ്റിലായതിന് പിന്നാലെയാണ് പത്മകുമാറിന് രണ്ടാമതും നോട്ടീസ് നല്‍കിയത്. ഇതോടെ അന്വേഷണം ഇനി പത്മകുമാറിനെ കേന്ദ്രീകരിച്ചാണെന്ന് സൂചനയുണ്ടായിരുന്നു. എന്‍. വാസു ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരിക്കെ പത്മകുമാറായിരുന്നു ബോര്‍ഡ് പ്രസിഡന്റ്.

ഉണ്ണികൃഷ്ണന്‍ പോറ്റി, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാര്‍, മുന്‍ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായിരുന്ന എന്‍. വാസു തുടങ്ങിയവരാണ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇതുവരെ അറസ്റ്റിലായത്.ഇതിനിടെ, എന്‍. വാസുവിനെ വ്യാഴാഴ്ച വൈകീട്ട് നാലുവരെ എസ്‌.ഐടിയുടെ കസ്റ്റഡിയി വിട്ടുനൽകിയിരുന്നു. വാസുവിനെയും പത്മകുമാറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒത്താശചെയ്തത് പത്മകുമാറാണെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്.ഐ.ടി) നിഗമനം. പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും എസ്.ഐ.ടിക്ക് കണ്ടെത്തിയിരുന്നു. ഇതുമായെല്ലാം ബന്ധപ്പെട്ട് കൂടുതല്‍ തെളിവ് ശേഖരിക്കാനുള്ളതിനാലാണ് പത്മകുമാറിന്റെ അറസ്റ്റ് വൈകുന്നതെന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments