പത്തനംതിട്ട: ശബരിമലയില്‍ തിരക്ക് നിയന്ത്രണങ്ങളുടെ ഭാഗമായി കൂടുതല്‍ നീക്കങ്ങള്‍. തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ നിയന്ത്രണം വരുന്നു. ശബരിമലയില്‍ ഒരു ദിവസത്തെ ഭക്തരുടെ എണ്ണം 75,000 മായി ക്രമീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചതോടെയാണിത്. സ്‌പോട്ട് ബുക്കിംഗ് 5,000 മായി കുറക്കണമെന്നും വെര്‍ച്വല്‍ ക്യു ബുക്കിംഗ് കര്‍ശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. നിലവില്‍ 3500 പൊലീസുകാരെയാണ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വിന്യസിച്ചിരിക്കുന്നത്. സന്നിധാനത്ത് മാത്രം 1700 ല്‍ അധികം പൊലീസ് ഉദ്യോഗസ്ഥരുണ്ട്. തീര്‍ഥാടനകാലം മുഴുവനായി 18000ല്‍ അധികം പൊലീസുകാരെയാണ് വിന്യസിക്കുക.
മണ്ഡല – മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട തുറന്ന ശേഷം ഇതുവരെ ദര്‍ശനം നടത്തിയത് മൂന്ന് ലക്ഷത്തോളം ഭക്തരാണ്. 2,98,310 പേരാണ് നവംബര്‍ 19 ന് വൈകിട്ട് അഞ്ച് വരെ എത്തിയത്. നവംബര്‍ 16 ന് 53,278, 17 ന് 98,915, 18 ന് 81,543, 19 ന് വൈകിട്ട് അഞ്ച് വരെ 64,574 എന്നിങ്ങനെയാണ് അയ്യനെക്കാണാനെത്തിയ ഭക്തരുടെ എണ്ണം.

