ഗസ്സ സിറ്റി: വെള്ളിയാഴ്ച പുലർച്ചെ ഗസ്സക്കാർ ഞെട്ടിയുണർന്നത് ശരീരത്തിൽ വെള്ളത്തിന്റെ നനവു തട്ടിയാണ്. രാത്രി പെയ്ത ശക്തമായ മഴയിൽ അവരുടെ കൂടാരങ്ങളിൽ വെള്ളം കയറി. ടെന്റുകളിൽ തലചായ്ക്കാൻ ഉണ്ടായിരുന്നതടക്കം പരിമിതമായ അവശ്യസാധനങ്ങളെല്ലാം നനഞ്ഞു. ആയിരക്കണക്കിന് കൂടാരങ്ങളും താൽക്കാലിക ഷെൽട്ടറുകളും വെള്ളത്തിനടിയിലായി. കൂടാരങ്ങളിൽ പലതും മഴയുടെ ശക്തിയിൽ തകർന്നുവീണു.
‘മുഴുവൻ ഷെൽട്ടർ കേന്ദ്രങ്ങളിലും ജലനിരപ്പ് ഞെരിയാണിക്കു മുകളിൽ ഉയർന്നു. നിലത്തുവിരിച്ച മെത്തകളും പുതപ്പുകളും വെള്ളത്തിൽ മുങ്ങി. അതിജീവിക്കാനുള്ള എല്ലാ വഴികളും ഇസ്രായേൽ നശിപ്പിക്കുകയാണ്. അവർക്കു മുന്നിലിനി മറ്റ് മാർഗങ്ങളൊന്നുമില്ല’ -ഗസ്സ സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബാസൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സഹായത്തിനായുള്ള നൂറുകണക്കിന് അപേക്ഷകൾ ഗസ്സയിലെ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ, അവർക്കു നൽകാനുള്ള ഒന്നും നിലവിൽ അവിടെയില്ലെന്നും അദ്ദേഹം പറഞ്ഞു.Also Read – ഗസ്സ വിഷയത്തിൽ ചർച്ച നടത്തി പുടിനും നെതന്യാഹുവുംഈ സമയത്ത് ഗസ്സയിൽ കൊടുങ്കാറ്റും മഴയും സാധാരണമാണെങ്കിലും ലക്ഷക്കണക്കിന് ഫലസ്തീനികൾ താൽക്കാലികമായി കെട്ടിയുണ്ടാക്കിയ അഭയകേന്ദ്രങ്ങളിലായതിനാൽ സാധാരണ മഴ പെയ്താൽ പോലും അതവരെ വെള്ളത്തിനടിയിലാക്കുകയും ഇതിനകം തന്നെ മോശം അവസ്ഥയെ കൂടുതൽ വഷളാക്കുകയും ചെയ്യും.
രാവിലെയും മഴ തുടർന്നു. പുരുഷന്മാരും സ്ത്രീകളും അവരുടെ കൂടാരങ്ങളിലേക്ക് ഒഴുകിയെത്തിയ മഴവെള്ളം കളയാൻ നിർത്താതെ പരിശ്രമിച്ചു. ‘മഴ കാരണം ഞങ്ങൾ പുലർച്ചെ 2.30 മുതൽ ഉണർന്നിരിക്കുന്നു. എല്ലാം നനഞ്ഞു. മെത്തകളും പുതപ്പുകളും’ -അബ്ദുൽബാസിത്ത് അബുൽഹാദി എന്നയാൾ പറഞ്ഞു.
ഒരു സ്ത്രീ മാധ്യമ പ്രവർത്തകരെ നനഞ്ഞ കൂടാരത്തിലേക്ക് കൊണ്ടുപോയി. അവിടെ നവജാത ശിശുക്കൾ ഉൾപ്പെടെ 20 പേർ അഭയാർഥികളായുണ്ടായിരുന്നു. തങ്ങൾ നേരിടുന്ന ദുരവസ്ഥ വിവരിക്കുമ്പോൾ അവൾ ദുഃഖം താങ്ങാനാവാതെ കരയാൻ തുടങ്ങി. ഞങ്ങൾ ഇനി എവിടേക്കാണ് പോകേണ്ടത്? കൊല്ലപ്പെട്ട എന്റെ മകനാണ് ഞങ്ങൾക്കുവേണ്ടി ഈ കൂടാരങ്ങൾ പണിതത്. ഇനി ഞാൻ എന്തുചെയ്യണം? -അവർ ചോദിച്ചു.
ടെന്റുകളിൽ നിന്ന് വെള്ളം ഒഴുക്കിക്കളയുന്നതിനും ഖരമാലിന്യങ്ങളും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനുമുള്ള വെള്ളപ്പൊക്ക പ്രതിരോധത്തിന് ആവശ്യമായ ഉപകരണങ്ങളൊന്നും ഗസ്സയിലില്ലെന്ന് യു.എൻ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാൻ ഡുജാറിക് പറഞ്ഞു.
വെടിനിർത്തൽ കരാറിനുശേഷം ഗസ്സയിലെ ഏറ്റവും കഠിനമായ ദിവസങ്ങളിലൊന്നായിരുന്നു വെള്ളിയാഴ്ചയെന്ന് മെഡിക്കൽ സഹായത്തിനായുള്ള ഗസ്സയിലെ കമ്യൂണിക്കേഷൻസ് ഓഫിസർ മായ് എലാവാവ്ഡ വിശേഷിപ്പിച്ചു. ‘ആയിരക്കണക്കിന് കുടിയിറക്കപ്പെട്ട കുടുംബങ്ങൾ ഇനിയുള്ള കഠിനമായ കാലാവസ്ഥാ പ്രതിസന്ധികൾക്ക് പൂർണ്ണമായും ഇരകളായി മാറുമെന്ന് ഭയക്കുന്നുവെന്നും അവർ പറഞ്ഞു.
രണ്ടു വർഷത്തെ തുടർച്ചയായ ഇസ്രായേലി ആക്രമണങ്ങളിലൂടെയും നിർബന്ധിത കുടിയിറക്കത്തിലൂടെയും അവരോടൊപ്പം സഞ്ചരിച്ചതും ജീർണിച്ചതുമായ ടെന്റുകളിലാണ് ഈ കുടുംബങ്ങളിൽ ഭൂരിഭാഗവും കഴിയുന്നത്. കൊടുംവെയിലിൽ തകർന്ന ഈ കൂടാരങ്ങൾ ഇപ്പോൾ ശൈത്യകാലത്തിന്റെ ആദ്യ ലക്ഷണങ്ങളോടെ പൂർണമായി തകർന്നുകൊണ്ടിരിക്കുകയാണെന്നും എലാവവ്ദ പറഞ്ഞു.ഗസ്സയിലെ 1.4 ദശലക്ഷത്തിലധികം ആളുകൾക്ക് അടിയന്തര ഷെൽട്ടർ ഇനങ്ങൾ ആവശ്യമാണെന്നും 3,20,000 ത്തിലധികം ഭവന യൂനിറ്റുകൾ ഇസ്രായേലി സൈനിക ആക്രമണങ്ങളിൽ തകർന്നിട്ടുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ ഓഫിസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ് പറയുന്നു.
അടിയന്തര ആവശ്യങ്ങൾ ഉണ്ടായിരുന്നിട്ടും ഇസ്രായേൽ അധികൃതർ ആവശ്യമുള്ള ഷെൽട്ടറിന്റെ ഒരു ഭാഗം മാത്രമേ ഗസ്സയിലേക്ക് പ്രവേശിക്കാൻ അനുവദിച്ചിട്ടുള്ളൂ. യുദ്ധകാലം മുഴുവനും തനിക്ക് ഒരു ടെന്റ് ലഭിച്ചിട്ടില്ലെന്ന് കുടിയിറക്കപ്പെട്ട ഒരു താമസക്കാരൻ പറഞ്ഞു.അടിയന്തരമായി ആവശ്യമായ ദശലക്ഷക്കണക്കിന് ഷെൽട്ടർ ഇനങ്ങൾ ജോർദാൻ, ഈജിപ്ത്, ഇസ്രായേൽ അതിർത്തികളിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്നും എൻക്ലേവിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതിക്കായി കാത്തിരിക്കുകയാണെന്നും യു.എൻ സെക്രട്ടറി ജനറലിന്റെ വക്താവ് പറഞ്ഞു.

