വാഷിങ്ടൺ: യു.എസിന്റെ തീരുവ നയത്തെ വിമർശിക്കുന്നവർ വിഡ്ഢിക്കളാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തീരുവയിലൂടെ യു.എസിന് വലിയ നേട്ടമുണ്ടായിട്ടുണ്ടെന്നും പറഞ്ഞു. താരിഫിലൂടെയുണ്ടായ നേട്ടത്തിന്റെ ഒരു വിഹിതം ജനങ്ങൾക്കും നൽകാൻ ആഗ്രഹിക്കുകയാണ്. ഇതിന്റെ ഭാഗമായി ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് 2000 ഡോളർ നൽകുമെന്ന് ട്രംപ് പറഞ്ഞു. ഉന്നത വരുമാനക്കാർക്കൊഴിച്ച് ബാക്കിയെല്ലാവർക്കും പണം നൽകുമെന്നാണ് അറിയിപ്പ്.
ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ അറിയിപ്പ്. എന്നാൽ, പണം എപ്പോൾ നൽകുമെന്നോ എങ്ങനെ നൽകുമെന്നോ ട്രംപ് വ്യക്തമാക്കിയിട്ടില്ല. തീരുവയിൽ നിന്നുള്ള വരുമാനം കൊണ്ട് യു.എസിന്റെ കടം വലിയ രീതിയിൽ കുറക്കാൻ സാധിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.

