സർവനാശം വിതച്ച് ഫിലിപ്പീൻസിൽ സൂപ്പർ ടൈഫൂൺ ഫംഗ്-വോങ് കരതൊട്ടു. ഞായറാഴ്ച രാത്രിയോടെ അറോറ പ്രവിശ്യയിലെ ദിനലുങ്കൻ എന്ന കിഴക്കൻ പട്ടണത്തിലാണ് കരകയറിയത്. മണിക്കൂറിൽ 230 കിലോമീറ്റർ വേഗത്തിലായിരുന്നു കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. ദുരന്തം മുന്നിൽ കണ്ട് 9 ലക്ഷത്തിലധികം ആളുകളെ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറ്റി. ഇതുവരെ രണ്ടുപേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധി വീടുകളും കെട്ടിടങ്ങളും നിലംപതിച്ചിട്ടുണ്ട്.
നവംബർ 3,4 തീയതികളിൽ കാൽമെയ്ഗി (kalmaegi) എന്ന ചുഴലിക്കാറ്റ് ഫിലിപ്പീൻസിൽ നാശംവിതച്ചിരുന്നു. അന്ന് 224 പേരാണ് മരിച്ചത്. വിയറ്റ്നാമില്‍ അഞ്ച് മരണവും റിപ്പോർട്ട് ചെയ്തു. ഇതിൽ കരകയറുന്നതിനിടെയാണ് ദിവസങ്ങൾക്കുള്ളിൽ ഫംഗ്-വോങ് ടൈഫൂൺ എത്തുന്നത്.
ഈ വർഷം ഫിലിപ്പീൻസിൽ ആഞ്ഞടിക്കുന്ന 21–ാമത്തെ കൊടുങ്കാറ്റാണിത്. രാത്രി മുഴുവൻ വടക്കൻ ഫിലിപ്പീൻസിനെ തകർത്തെറിയുകയായിരുന്നു. രാജ്യത്തെ പ്രധാന ദ്വീപായ ലുസോണിന്റെ ചില ഭാഗങ്ങളിൽ അതിശക്തമായ കാറ്റും മഴയും വൻ തിരമാലകളും അനുഭവപ്പെട്ടു. ‘ഉവാൻ’ എന്നും ഈ കൊടുങ്കാറ്റിനെ വിളിക്കുന്നുണ്ട്.

