നൈജീരിയൻ സർവകലാശാലയിൽ മൃഗശാലാ സൂക്ഷിപ്പുകാരനെ സിംഹം ആക്രമിച്ചുകൊന്നു. പത്തുവർഷത്തോളമായി സിംഹങ്ങളെ പരിപാലിച്ചിരുന്ന ഒലബോഡ് ഒലവുയി എന്നയാളെയാണ് അപ്രതീക്ഷിതമായി സിംഹം ആക്രമിച്ചത്. ഒബാഫെമി അവോലോവോ യൂണിവേഴ്‌സിറ്റിയിലെ (ഒഎയു) മൃഗശാലയുടെ ചുമതല ഒലബോഡ് ഒലവുയിയ്‌ക്കായിരുന്നുവെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. തിങ്കളാഴ്ച സിംഹങ്ങൾക്ക് ഭക്ഷണം നൽകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കൂടെയുള്ളവർ രക്ഷപെടുത്താൻ ശ്രമിച്ചുവെങ്കിലും എന്തെങ്കിലും ചെയ്യുന്നതിനുമുൻപേ തന്നെ ഒരു സിംഹം ഇയാളെ മാരകമായി ആക്രമിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്തിരുന്നുവെന്ന് നൈജീരിയൻ സർവകലാശാലയുടെ പ്രസ്താവനയിൽ പറയുന്നു. ശേഷം സിംഹത്തെ താഴെയിറക്കിയെന്നും സർവകലാശാല പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ഏകദേശം ഒമ്പത് വർഷം മുമ്പ് കാമ്പസിൽ സിംഹങ്ങൾ ജനിച്ചത് മുതൽ അവയെ പരിപാലിക്കുന്ന ഒലവുയി ഒരു വെറ്ററിനറി ടെക്‌നോളജിസ്റ്റായിരുന്നു, സർവ്വകലാശാലയുടെ വക്താവ് അബിയോദുൻ ഒലരെവാജു വ്യക്തമാക്കി. “സിംഹങ്ങൾക്ക് ഭക്ഷണം നൽകിയിരുന്ന മനുഷ്യനെ ആൺസിംഹം കടിച്ചുകൊന്നു, അയാളെ ആക്രമിക്കാൻമാത്രം എന്ത് സംഭവിച്ചുവെന്ന് ഞങ്ങൾക്കറിയില്ല. ദുരന്തകരമായ സംഭവം”, മിസ്റ്റർ ഒലരെവാജു പറഞ്ഞു.
സംഭവത്തിൽ തനിക്ക് ദുഃഖമുണ്ടെന്നും സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടതായും സർവകലാശാല വൈസ് ചാൻസലർ പ്രൊഫസർ അഡെബയോ സിമിയോൺ ബാമിരെ പറഞ്ഞു. സിംഹങ്ങൾക്ക് ഭക്ഷണം നൽകിയതിന് ശേഷം മൃഗശാലാ സൂക്ഷിപ്പുകാരൻ വാതിൽ പൂട്ടാൻ മറന്നതിനെ തുടർന്നുണ്ടായ “മനുഷ്യ പിഴവാണ്” ആക്രമണത്തിന് കാരണമായതെന്ന് വിദ്യാർത്ഥി യൂണിയൻ നേതാവ് അബ്ബാസ് അക്കിൻറേമി പറഞ്ഞു.