വാഷിങ്ടൻ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിവിധ രാജ്യങ്ങളുടെമേൽ ഉയർന്ന ഇറക്കുമതിത്തീരുവ ചുമത്തിയതിന്റെ നിയമസാധുത സംബന്ധിച്ച സുപ്രധാന കേസിൽ വിധി പറയുന്നത് സുപ്രീം കോടതി വീണ്ടും മാറ്റിവച്ചു. ഇത് മൂന്നാം തവണയാണ് സുപ്രീം കോടതി ഈ കേസിൽ വിധി പറയാതെ മാറ്റിവയ്ക്കുന്നത്. വിധി പറയുന്ന പുതിയ തീയതിയും കോടതി അറിയിച്ചിട്ടില്ല. ഇക്കഴിഞ്ഞ 9 നും 14നും വിധിയുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും കോടതി കേസ് പരിഗണിച്ചില്ല.
ഇത്തരത്തിൽ തീരുവ ചുമത്താൻ പ്രസിഡന്റിനു നിയമപരമായ അവകാശമില്ലെന്നു കാട്ടി വിവിധ കമ്പനികളും 12 സംസ്ഥാനങ്ങളുമാണു സുപ്രീം കോടതിയിലെത്തിയത്. തീരുവ ഉയർത്തൽ യുഎസിനു സാമ്പത്തികമായി കൂടുതൽ കരുത്തേകിയെന്ന വാദമാണു ട്രംപ് ഭരണകൂടത്തിന്റേത്.

