Friday, January 23, 2026
HomeGulfപ്രതിഷേധക്കാർ 72 മണിക്കൂറിനുള്ളിൽ കീഴടങ്ങണം: അന്ത്യശാസനം നൽകി ഇറാൻ ദേശീയ പൊലീസ് മേധാവി

പ്രതിഷേധക്കാർ 72 മണിക്കൂറിനുള്ളിൽ കീഴടങ്ങണം: അന്ത്യശാസനം നൽകി ഇറാൻ ദേശീയ പൊലീസ് മേധാവി

ടെഹ്റാൻ: ഭരണകൂടത്തിനെതിരായ പ്രതിഷേധത്തിന് നേരെ കടുത്ത നടപടിയ്ക്കൊരുങ്ങി ഇറാൻ. പ്രതിഷേധക്കാർ 72 മണിക്കൂറിനുള്ളിൽ കീഴടങ്ങണമെന്ന് ഇറാൻ്റെ ദേശീയ പൊലീസ് മേധാവി അഹ്‌മദ്-റേസ റാദൻ അന്ത്യശാസനം നൽകി. പറഞ്ഞ സമയത്തിനുള്ളിൽ കീഴടങ്ങിയില്ലെങ്കിൽ കഠിനമായ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കീഴടങ്ങാൻ തയ്യാറാകാത്തവർ നിയമത്തിന്റെ പൂർണ്ണ ശക്തിയെ നേരിടണമെന്നും ദേശീയ പൊലീസ് മേധാവി പറഞ്ഞതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു.

സമീപകാലത്തൊന്നും നേരിട്ടില്ലാത്ത രീതിയിലുള്ള പ്രതിഷേധത്തിനാണ് ഇക്കഴി‍ഞ്ഞ ദിവസങ്ങളിൽ ഇറാൻ സാക്ഷിയായത്. ഇൻറർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ച് 11 ദിവസങ്ങൾ പിന്നിടുകയാണ്. അതിനാൽ തന്നെ ഇറാനിലെ പ്രതിഷേധത്തിൻറെ വ്യാപ്തി എത്രയെന്ന കാര്യത്തിൽ കൃത്യമായ വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല. അധികാരികളുടെ ഭാഗത്തുനിന്നും പ്രതിഷേധത്തിന് നേരെയുണ്ടായ അടിച്ചമർത്തൽ ഭീകരമായിരുന്നുവെന്നാണ് മനുഷ്യാവകാശ സംഘടനകൾ പറയുന്നത്. വിവിധ സംഭവങ്ങളിലായി കുറഞ്ഞത് 5,000 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ വാദം.

അതേസമയം, പ്രതിഷേധത്തിൽ പങ്കെടുത്തവരെയെല്ലാം കുറ്റക്കാരായി കാണാൻ തയ്യാറല്ലെന്ന സന്ദേശവും ഇറാൻ ഭരണകൂടം മുന്നോട്ടുവെച്ചിട്ടുണ്ട്. തെറ്റിദ്ധരിക്കപ്പെട്ട് ചിലർ പ്രതിഷേധത്തിന്റെ ഭാഗമായെന്നാണ് അധികാരികളുടെ നിഗമനം. തെറ്റദ്ധരിക്കപ്പെട്ട് പ്രതിഷേധങ്ങളുടെ ഭാഗമായവരെയും അക്രമം സംഘടിപ്പിച്ചതായി ആരോപിക്കപ്പെടുന്നവരെയും ഒരുപോലെയല്ല കാണുന്നതെന്ന് ദേശീയ പൊലീസ് മേധാവി വ്യക്തമാക്കി. കലാപത്തിൽ അറിയാതെ ഉൾപ്പെട്ട യുവാക്കളെ ശത്രുക്കളായിട്ടല്ല, പകരം വഞ്ചിക്കപ്പെട്ട വ്യക്തികളായാണ് കണക്കാക്കുന്നതെന്ന് അദ്ദേഹം സ്റ്റേറ്റ് ടെലിവിഷനോട് പറഞ്ഞു. സമയപരിധിക്കുള്ളിൽ കീഴടങ്ങിയാൽ ഇത്തരക്കാരോട് ദയ കാണിക്കുമെന്നും അഹ്‌മദ്-റേസ റാദൻ കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments