വാഷിംഗ്ടൺ : ഗ്രീൻലാൻഡിൻ്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള തൻ്റെ ആവശ്യത്തെ എതിർക്കുന്ന യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തുമെന്ന ഭീഷണി 100% പാലിക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഡെൻമാർക്ക്, നോർവേ, സ്വീഡൻ, ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, നെതർലാൻഡ്‌സ്, യുണൈറ്റഡ് കിംഗ്ഡം എന്നീ എട്ട് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്കാണ് തീരുവ ചുമത്തുക.
ഫെബ്രുവരി 1 മുതൽ 10% തീരുവയാണ് ചുമത്തുക. ജൂൺ 1-നകം ഗ്രീൻലാൻഡ് വാങ്ങുന്ന കാര്യത്തിൽ ഒരു കരാറിലെത്തിയില്ലെങ്കിൽ, ഈ തീരുവ 25% ആയി ഉയർത്തുമെന്നാണ് ട്രംപ് പറയുന്നത്. ഗ്രീൻലാൻഡ് “പൂർണ്ണമായും മൊത്തമായും വാങ്ങുന്നതിന്” ഒരു ഉടമ്പടിയിലെത്തുന്നത് വരെ ഈ തീരുവകൾ നിലനിൽക്കും” ട്രംപ് വ്യക്തമാക്കി.
അതേസമയം, ഗ്രീൻലാൻഡ് വിൽപ്പനയ്ക്കുള്ളതല്ലെന്നും, അതിന്റെ ഭാവി ഗ്രീൻലാൻഡുകാരും ഡെൻമാർക്കും ചേർന്നാണ് തീരുമാനിക്കേണ്ടതെന്നും യൂറോപ്യൻ രാജ്യങ്ങൾ ഒറ്റക്കെട്ടായി നിലപാടെടുത്തിരുന്നു. ട്രംപിന്റെ ഭീഷണി ട്രാൻസ്അറ്റ്ലാന്റിക് ബന്ധങ്ങളെ തകർക്കുമെന്നും യൂറോപ്യൻ യൂണിയൻ ഇതിനെതിരെ പ്രത്യാക്രമണ നടപടികൾ ആലോചിക്കുന്നുണ്ടെന്നും യൂറോപ്യൻ നേതാക്കൾ പ്രതികരിച്ചു.എന്നാൽ, ഗ്രീൻലാൻഡ് തന്ത്രപരമായി പ്രധാനപ്പെട്ടതാണെന്നും റഷ്യൻ, ചൈനീസ് സ്വാധീനത്തെ ചെറുക്കാൻ അത് യുഎസിന് ആവശ്യമാണെന്നുമാണ് ട്രംപിന്റെ വാദം.

