പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വാനോളം പുകഴ്ത്തി വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്. ട്രംപിന്റെ ഉറക്കശീലത്തെക്കുറിച്ചാണ് വാന്‍സ് വാചാലനായത്. ട്രംപ് വളരെക്കുറച്ചുസമയം മാത്രമാണ് ഉറങ്ങുന്നതെന്നും കൂടുതല്‍ സമയം ജോലിചെയ്യുന്ന വ്യക്തിയാണെന്നും വാന്‍സ് പറയുന്നു. 40 വയസ്സുള്ള ഒരാളേക്കാള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലനാണ് ട്രംപെന്നാണ് വാന്‍സിന്റെ വാദം.
ട്രംപുമായുള്ള തന്റെ അന്താരാഷ്ട്ര സന്ദര്‍ശനത്തിലെ അനുഭവങ്ങള്‍ ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കുമ്പോഴാണ് വാന്‍സ് പങ്കുവെച്ചത്. ട്രംപിനൊപ്പം 23 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അന്താരാഷ്ട്ര യാത്രയ്ക്കിടെ നിങ്ങള്‍ ഭാഗ്യവാനാണെങ്കില്‍, അദ്ദേഹം രണ്ട് മണിക്കൂറെങ്കിലും ഉറങ്ങും. നിങ്ങള്‍ നിര്‍ഭാഗ്യവാനാണെങ്കില്‍, അദ്ദേഹം എയര്‍ഫോഴ്സ് വണ്ണില്‍ ചുറ്റിത്തിരിയുകയായിരിക്കും, നിങ്ങള്‍ ഉറങ്ങിപ്പോയാല്‍ അദ്ദേഹം നിങ്ങളെ കളിയാക്കും” – വാന്‍സ് പറഞ്ഞു.
79 വയസ്സുള്ള ട്രംപിനെ പ്രശംസിച്ച വാന്‍സ്, ‘അമേരിക്കന്‍ പ്രസിഡന്റായിരിക്കുന്ന അത്രയും കാലയളവില്‍, കഴിയുന്നത്ര കാര്യങ്ങള്‍ ചെയ്യുന്നതിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്’ എന്നും പറഞ്ഞു. ‘പക്ഷേ അദ്ദേഹം ശരിക്കും കുറച്ച് മാത്രമേ ഉറങ്ങുന്നുള്ളൂ, ഇപ്പോഴും മറ്റാരെക്കാളും കൂടുതല്‍ ഊര്‍ജ്ജസ്വലതയുണ്ട്. നാലപതുകാരേക്കാള്‍ ഊര്‍ജ്ജസ്വലനാണ്. അതായത്, ആളുകള്‍ അദ്ദേഹത്തിന്റെ ഉറക്കത്തെക്കുറിച്ച് സംസാരിക്കുന്നത് നിങ്ങള്‍ കേള്‍ക്കുന്നു. അത് എത്രത്തോളം സത്യമാണെന്ന് നിങ്ങള്‍ ആശ്ചര്യപ്പെടുന്നു. എന്നെ വിശ്വസിക്കൂ, ഞാന്‍ അത് ഉള്ളില്‍ നിന്ന് കണ്ടിട്ടുണ്ട്. അദ്ദേഹത്തിന് അവിശ്വസനീയമായ ഊര്‍ജ്ജസ്വലതയുണ്ട്.’- വാന്‍സിന്റെ വാക്കുകള്‍.
യുഎസ് പ്രസിഡന്റ് വളരെ കുറച്ച് സമയം മാത്രമേ ഉറങ്ങൂ എന്ന് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡും മുമ്പ് ട്രംപിന്റെ ഉറക്കത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ട്രംപ് ഉറങ്ങില്ലെന്നും രാത്രിയില്‍ ആളുകളോട് സംസാരിച്ചിരിക്കാന്‍ ഇഷ്ടപ്പെടുന്നുവെന്നും സിഎന്‍എന്നിന്റെ ചീഫ് വൈറ്റ് ഹൗസ് ലേഖകന്‍ കൈറ്റ്‌ലാന്‍ കോളിന്‍സും മുമ്പ് പറഞ്ഞിട്ടുണ്ട്.

