Sunday, December 7, 2025
HomeNewsഏഷ്യാനെറ്റ് ന്യൂസ് Vs റിപ്പോർട്ടർ ടിവി: കേരളത്തില്‍ ചാനല്‍ മത്സരം നിയമ...

ഏഷ്യാനെറ്റ് ന്യൂസ് Vs റിപ്പോർട്ടർ ടിവി: കേരളത്തില്‍ ചാനല്‍ മത്സരം നിയമ യുദ്ധത്തിലേക്ക്

കൊച്ചി: കേരളത്തില്‍ ചാനല്‍ മത്സരം നിയമ യുദ്ധത്തിലേക്ക് ബി ജെ പി അധ്യക്ഷന്‍ രാജീവ് ചന്ദ്ര ശേഖറിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റും തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ ഏഷ്യാനെറ്റിന്റെ തൊട്ടടുത്ത എതിരാളിയായി മാറിയ റിപ്പോര്‍ട്ടര്‍ ടി വിയും തമ്മിലുള്ള പോരാണ് നിയമ നടപടിയിലേക്ക് നീങ്ങുന്നത്.

റിപ്പോര്‍ട്ടര്‍ ടി വി ഏഷ്യനെറ്റിനെതിരെ ഫയല്‍ ചെയ്ത 150 കോടിയുടെ മാന നഷ്ടക്കേസില്‍ കോടതി, വ്യാജവാര്‍ത്തകള്‍ പാടില്ലെന്ന് ഏഷ്യാനെറ്റിനോടു നിര്‍ദ്ദേശിച്ചു. ഇതിനു പിന്നാലെ റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കി ഏഷ്യാനെറ്റ് ഉടമയായ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. റിപ്പോര്‍ട്ടര്‍ ഉടമ ആന്റോ അഗസ്റ്റിന്‍, കണ്‍സല്‍ട്ടിംഗ് എഡിറ്റര്‍ അരുണ്‍ കുമാര്‍, കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാട്, ന്യൂസ് കോര്‍ഡിനേറ്റര്‍ ജിമ്മി ജയിംസ്, തിരുവനന്തപുരം ബ്യൂറോ ചീഫ് ടി വി പ്രസാദ് എന്നിവരടക്കം ഒമ്പത് പേര്‍ക്കെതിരെയാണ് കേസ്.

ബി പി എല്‍ എന്ന സ്ഥാപനത്തിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തി, രാജീവ് ചന്ദ്രശേഖറിന്റെ പേര് ദുരുപയോഗം ചെയ്ത് വ്യാജവാര്‍ത്തകള്‍ തുടര്‍ച്ചയായി സംപ്രേക്ഷണം ചെയ്തതോടെയാണ് മുംബൈ ആസ്ഥാനമായ ആര്‍ എച്ച് പി പാര്‍ട്ട്‌നേഴ്‌സ് എന്ന നിയമസ്ഥാപനം മുഖേന നൂറു കോടി രൂപയുടെ നോട്ടീസ് നല്‍കിയത്. ഏഴ് ദിവസത്തിനുള്ളില്‍ വ്യാജവാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറയണമെന്നും നോട്ടീസിലുണ്ട്. മെസിയെ കേരളത്തില്‍ കൊണ്ടുവരുന്നു എന്നതിന്റെ പേരില്‍ റിപ്പോര്‍ട്ടര്‍ ടി വി നടത്തിയ തട്ടിപ്പ് മറച്ചുവെക്കാനാണ് തനിക്കെതിരായ ഭൂമി വില്‍പ്പന ആരോപണം ഉന്നയിക്കുന്നത് എന്നാണ് രാജീവ് ചന്ദ്രേശഖറിന്റെ ആരോപണം.

വ്യാജ വാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ടര്‍ ടി വി നല്‍കിയ കേസില്‍ റിപ്പോര്‍ട്ടറിനെതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കിയ ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങളെ ബെംഗളുരു പ്രിന്‍സിപ്പല്‍ സിറ്റി സിവില്‍ കോടതി വിലക്കി. ഇത് സംബന്ധിച്ച് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. വ്യാജ വാര്‍ത്തകള്‍ ഉടന്‍ നീക്കം ചെയ്യണം. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്‌സ് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ നിന്ന് വാര്‍ത്തകള്‍ നീക്കം ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. ഗൂഗിളിനും മെറ്റയ്ക്കും കോടതി നിര്‍ദേശം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments