മുംബൈ മെട്രോപൊളിറ്റൻ മേഖലയെ ആഗോള മൾട്ടി എയർപോർട്ട് നഗരമാക്കി മാറ്റാൻ 19,650 കോടി രൂപയുടെ ഗ്രീൻഫീൽഡ് ഇൻഫ്രാസ്ട്രക്ചറിൽ ‘നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം’ തയാറായിക്കഴിഞ്ഞു. മുംബൈയുടെ തലവര മാറ്റുന്ന പുതിയ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. നിലവിലുള്ള ഛത്രപതി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും ഇന്ത്യയുടെ വ്യോമയാന മേഖലയ്ക്ക് ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുന്നതിനുമാണ് പുതിയ വിമാനത്താവളം ഒരുങ്ങുന്നത്.
നാല് ടെര്‍മിനലുള്ള പദ്ധതിയുടെ ആദ്യ ടെര്‍മിനലാണ് ഇന്ന് തുറക്കുന്നത്. ഡിസംബറോടെ വിമാന സര്‍വീസ് തുടങ്ങും. കൊച്ചി ഉൾപ്പെടെ രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലേക്കും ഇവിടെനിന്ന് യാത്ര ചെയ്യാം. എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ എയർ എന്നിവയാണ് ആദ്യം സർവീസ് തുടങ്ങുക. എൻ.എം.ഐ എന്നാണ് പുതിയ വിമാനത്താവളത്തിന്റെ കോഡ്. സമാന്തരമായി രണ്ടു റൺവേകളും നാലു ടെർമിനലുകളുമാണ് വിമാനത്താവളത്തിനുള്ളത്. പ്രാരംഭ ഘട്ടത്തിൽ ആദ്യ ടെർമിനലും കാർഗോ ടെർമിനലും ഒരു റൺവേയും മാത്രമാണ് തുറക്കുന്നത്.
ലഗേജ് ക്ലിയറന്‍സിനും സുരക്ഷാപരിശോധനയ്ക്കും അത്യാധുനികസംവിധാനങ്ങളുള്ള വിമാനത്താവളത്തിന് നിരവധി പ്രത്യേകതകളുണ്ട്.
1. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ വിമാനത്താവളം: ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ വിമാനത്താവളമാണ് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം. പൂർണമായും ഡിജിറ്റലായാണ് യാത്രാ നടപടിക്രമങ്ങൾ. തടസ്സമില്ലാത്തതും പേപ്പർ രഹിതവുമായ പ്രവർത്തനത്തിന് ഓട്ടോമേറ്റഡ്, എ.ഐ പ്രാപ്തമാക്കിയ ടെർമിനൽ സംവിധാനങ്ങൾ രൂപകൽപന ചെയ്തിട്ടുണ്ട്.
2. ഉൾക്കൊള്ളാവുന്ന ശേഷി: ആദ്യ ഘട്ടത്തിൽ ടെർമിനൽ ഒന്നിൽ പ്രതിവർഷം രണ്ടു കോടി യാത്രക്കാരെ ഉൾക്കൊള്ളിക്കാൻ കഴിയും. 2035ൽ നാലു ടെർമിനലുകളും തുറക്കുന്നതോടെ വർഷം ഒമ്പതു കോടി യാത്രക്കാർക്ക് പ്രയോജനപ്പെടുമെന്നാണ് കണക്കാക്കുന്നത്. കൂടാതെ പ്രതിവർഷം 3.25 ദശലക്ഷം മെട്രിക് ടൺ ചരക്കുനീക്കവും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
3. മൾട്ടി-മോഡൽ കണക്റ്റിവിറ്റി: എക്സ്പ്രസ് വേ, മെട്രോ ലൈനുകൾ, സബർബൻ റെയിൽ, വാട്ടർ ടാക്സി സർവീസ് എന്നിവയുൾപ്പെടെ ഒന്നിലധികം ഗതാഗത സംവിധാനങ്ങളുമായി ബന്ധിപ്പിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ പ്രധാന വ്യോമയാന കേന്ദ്രമായിരിക്കും നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം.
4. സുസ്ഥിര ഹരിത വിമാനത്താവളം: സുസ്ഥിരതക്ക് ഊന്നൽ നൽകി നിർമിച്ച വിമാനത്താവളത്തിൽ 47 മെഗാവാട്ട് സൗരോർജ്ജ ഉൽപാദന ശേഷി, സുസ്ഥിര വ്യോമയാന ഇന്ധനത്തിനായി പ്രത്യേക സംഭരണം, ഇ.വി ബസ് സർവീസുകളുടെ ഉപയോഗം എന്നിവ ഉണ്ടായിരിക്കും.
5. യാത്രക്കാരുടെ ഒഴുക്ക്: കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിന് ടെർമിനലിൽ 66 ചെക്ക്-ഇൻ കൗണ്ടറുകളും 22 സെൽഫ്-ബാഗേജ് ഡ്രോപ്പ് പോയിന്റുകളും ഉണ്ട്. ഭാവിയിലെ നാല് ടെർമിനലുകളെയും ബന്ധിപ്പിക്കുന്നതിന് ഒരു ഓട്ടോമേറ്റഡ് പീപ്പിൾ മൂവർ സംവിധാനവും ആസൂത്രണം ചെയ്തിട്ടുണ്ട്.
6. സാമ്പത്തിക വളർച്ച പരിപോഷിപ്പിക്കും: വ്യോമയാനം, ലോജിസ്റ്റിക്സ്, ഐ.ടി, റിയൽ എസ്റ്റേറ്റ് മേഖലകളിലായി രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെ പുതിയ വ്യാവസായിക വികസനം സാധ്യമാക്കാൻ ഈ പദ്ധതിയിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
7. അഡ്വാൻസ്ഡ് ലാൻഡിങ് സിസ്റ്റം: റൺവേയിൽ കാറ്റഗറി 2 ഇൻസ്ട്രുമെന്റ് ലാൻഡിങ് സിസ്റ്റം സജ്ജീകരിച്ചിട്ടുണ്ട്. ഇത് സുരക്ഷിതമായ ലാൻഡിങ് സാധ്യമാക്കുന്നതോടൊപ്പം എല്ലാ കാലാവസ്ഥയിലും സുഗമമായി പ്രവർത്തിക്കാനും സഹായിക്കും.
8. കാർഗോ, എം.ആർ.ഒ ഹബ്: യാത്രയ്‌ക്കപ്പുറം പ്രധാന കാർഗോ ഹബായി കൂടി മാറാൻ ഒരുങ്ങുകയാണ് നവി മുംബൈ. പ്രതിവർഷം 3.25 ദശലക്ഷം മെട്രിക് ടൺ കാർഗോ കൈകാര്യം ചെയ്യാൻ സാധിക്കുന്നതോടൊപ്പം രാജ്യത്തെ ഏറ്റവും വലിയ മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ (എം.ആർ.ഒ) സൗകര്യമാക്കി മാറ്റാനും പദ്ധതിയിട്ടിട്ടുണ്ട്.
9. വാണിജ്യ പ്രവർത്തനങ്ങൾ: ഇന്ന് ഉദ്ഘാടനം ചെയ്യുന്ന വിമാനത്താവളത്തിൽ 2025 ഡിസംബറിൽ വാണിജ്യ വിമാന പ്രവർത്തനങ്ങൾ ആരംഭിക്കും. ഇൻഡിഗോ, എയർ ഇന്ത്യ, ആകാശ എയർ തുടങ്ങിയ പ്രധാന ആഭ്യന്തര വിമാനക്കമ്പനികൾ സർവീസുകൾ ആരംഭിക്കാനുള്ള പദ്ധതികൾ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.
10. വിശാലമായ സൗകര്യങ്ങൾ: 1,160 ഹെക്ടറിലായി സ്ഥിതി ചെയ്യുന്ന വിമാനത്താവളത്തിൽ തുടക്കത്തിൽ ഒരു റൺവേയും ടെർമിനലുമായി പ്രവർത്തനം തുടങ്ങുമ്പോൾ തന്നെ പ്രതിവർഷം 20 ദശലക്ഷം യാത്രക്കാരെത്തും. നാലു ടെർമിനലുകളും രണ്ടു റൺവേകളുമായി പൂർണ സജ്ജമാകുമ്പോൾ, വർഷം 155 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിയുന്ന രീതിയിലാണ് വിമാനത്താവളം ഒരുക്കിയിട്ടുള്ളത്.

