ലണ്ടൻ : ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെറെയും ലേബർ പാർട്ടിയുടെ ഇപ്പോഴത്തെ പോക്കിനെയും അതിരൂക്ഷമായി വിമർശിച്ച് വനിതാ എംപി രാജി വച്ചു. കെന്റിലെ കാന്റർബറിയിൽനിന്നുള്ള പാർലമെന്റംഗമായ റോസി ഡഫീൽഡാണ് സ്റ്റാമെറിൽ വിശ്വാസം നഷ്ടപ്പെട്ടെന്നു പരസ്യമായി പ്രഖ്യാപിച്ച് പാർട്ടി വിട്ടത്. സ്വതന്ത്ര എംപിയായി തുടരും. ബ്രിട്ടിഷ് പാർലമെന്റിലെ സ്വതന്ത്ര എംപിമാരുടെ എണ്ണം ഇതോടെ 14 ആയി.
വിലപിടിപ്പുള്ള വസ്ത്രവും കണ്ണടകളും താമസസൗകര്യവും ഉൾപ്പെടെ സ്റ്റാമെർ വൻതുകയുടെ പാരിതോഷികങ്ങൾ കൈപ്പറ്റിയതുമായി ബന്ധപ്പെട്ട വിവാദം കത്തിനിൽക്കുമ്പോഴാണ് ഡഫീൽഡ് പാർട്ടി വിടുന്നത്. മന്ത്രിസഭയിലെ മറ്റു ചിലർക്കെതിരെയും പാരിതോഷിക ആരോപണങ്ങളുണ്ട്. ലേബർ പാർട്ടിക്ക് അത്യാർത്തിയാണെന്നും അധികാരമോഹമല്ലാതെ മറ്റൊന്നും നേതൃത്വത്തിനു മുന്നിലില്ലെന്നും ഡഫീൽഡ് കുറ്റപ്പെടുത്തി.