ഡോ മധു നമ്പ്യാർ
റിച്ച്മണ്ട്, വെർജീനിയ:
റിച്ച്മണ്ട് മെട്രോ പ്രദേശത്തെ മലയാളി ഹിന്ദു സമൂഹമായ KHRMA (Kerala Hindus of Richmond Metro Area) ഹിന്ദു സെന്റർ ഓഫ് വെർജീനിയ (HCV Temple) യിൽ ഭക്തിപൂർവ്വം ആറ്റുകാൽ പൊങ്കാല ആഘോഷിച്ചു. ആറ്റുകാൽ അമ്മയ്ക്കുള്ള സമർപ്പണവും സ്ത്രീശക്തിയുടെ പ്രതീകവുമായ ഈ മഹോത്സവത്തിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. രാവിലെ 8:30-ന് അടുക്കുവെട്ട് നടത്തി ചടങ്ങുകൾ ആരംഭിച്ചു. ആറ്റുകാൽ പൊങ്കാലയ്ക്കായി സ്ത്രീകൾ ആചാരാനുഷ്ഠാനമായി ഒൻപത് ദിവസത്തെ വ്രതം അനുഷ്ഠിച്ചിരുന്നു. അമ്മയുടെ ഇഷ്ടവിഭവങ്ങളായ ശർക്കര പായസം, തെരളി, അപ്പം എന്നിവ ഭക്തിപൂർവ്വം പാകം ചെയ്തു.

ചടങ്ങിനിടെ ഭക്തജനങ്ങൾ ചേർന്ന് ലളിതാസഹസ്രനാമം ജപിച്ചു, വേദി ഭക്തിസാന്ദ്രമാക്കി. പാകം ചെയ്ത നിവേദ്യങ്ങൾ ക്ഷേത്ര പുരോഹിതൻ അമ്മയ്ക്ക് സമർപ്പിച്ച് ചടങ്ങുകൾ പൂർത്തിയാക്കി. പൂജയ്ക്കു ശേഷം ഭക്തജനങ്ങൾക്ക് വേണ്ടി പ്രഭാതഭക്ഷണവും ഒരുക്കിയിരുന്നു. നിവേദ്യവും പ്രഭാതഭക്ഷണവും എല്ലാവർക്കും വിതരണം ചെയ്തു.

ഈ വർഷത്തെ പൊങ്കാലയുടെ വിജയകരമായ നടത്തിപ്പിന് ഇവന്റ്‌സ് കോർഡിനേറ്റർ സ്വപ്ന മുരുകേശൻ, റിലീജിയസ് കോർഡിനേറ്റർ രാഹുൽ രാജ്, ട്രഷറർ ഡോ. ഹരികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

റിച്ച്മണ്ടിലെ മലയാളി സമൂഹത്തെ ആത്മീയതയിലും പാരമ്പര്യത്തിലും ഒന്നിപ്പിക്കുന്ന ഒരു മനോഹരമായ അനുഭവമായി ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മാറി.




